കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: ധന സമാഹരണത്തിനായി സംഘം യുകെയിലെത്തും – UKMALAYALEE

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: ധന സമാഹരണത്തിനായി സംഘം യുകെയിലെത്തും

Saturday 1 September 2018 2:22 AM UTC

തിരുവനന്തപുരം Sept 1: പ്രളക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിപുലമായ വിഭവസമാഹണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ .

ഇതിനായി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ധനസമാഹരണത്തിനായി മന്ത്രി- ഉദ്യോഗസ്ഥ തല സംഘം നേരിട്ടെത്തും. ഇപ്പോള്‍ പ്രവാസികള്‍ സ്വമേധയാലും അസോസിയേഷനുകള്‍ വഴിയും നല്‍കുന്ന സഹായത്തിനും പുറമെയായിരിക്കുമിത്.

സഹായം തേടി മന്ത്രി- ഉദ്യോഗസ്ഥതല സംഘം യുകെയിലുമെത്തും. ഒക്‌ടോബര്‍ മാസത്തിലായിരിക്കും സന്ദര്‍ശനം.

പുറംരാജ്യങ്ങളിലെ പ്രവാസി മലയാളികളില്‍നിന്ന് കൂടുതല്‍ സമാഹരണത്തിനായി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും.

യുകെയ്ക്കു പുറമെ ന്യൂസിലന്റ്, ജര്‍മ്മനി, അമേരിക്ക, കാനഡ, യുഎഇ, ഒമാന്‍, ബഹ്‌റിന്‍ ,സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്.

എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി സപ്തംബര്‍ 3ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്.

ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍കോട് -ഇ. ചന്ദ്രശേഖരന്‍

കണ്ണൂര്‍ -ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ

വയനാട് -രാമചന്ദ്രന്‍ കടന്നപ്പള്ളി

കോഴിക്കോട് -ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍

മലപ്പുറം -കെ.ടി. ജലീല്‍

പാലക്കാട് -എ.കെ. ബാലന്‍

തൃശ്ശൂര്‍ -സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍

എറണാകുളം -എ.സി. മൊയ്തീന്‍ ( ഇ.പി ജയരാജന്‍ സഹായിക്കും)

ഇടുക്കി -എം.എം. മണി

കോട്ടയം -തോമസ് ഐസക്, കെ. രാജു

ആലപ്പുഴ -ജി. സുധാകരന്‍, തിലോത്തമന്‍

പത്തനംതിട്ട -മാത്യു ടി തോമസ്

കൊല്ലം -മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം -കടകംപള്ളി സുരേന്ദ്രന്‍

വലിയ തോതില്‍ നടത്തേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അത് സമാഹരിക്കേണ്ടതുണ്ട്.

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 11ന് ധനസമാഹരണം നടത്തും.

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1036 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.4,17000 ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സഹായം നല്‍കിയത്. അങ്ങേയറ്റം മാതൃകാപരമാണ് ഇത്.

CLICK TO FOLLOW UKMALAYALEE.COM