കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ള : തോമസ് ഐസക് – UKMALAYALEE

കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ള : തോമസ് ഐസക്

Monday 6 May 2019 10:13 AM UTC

KOCHI May 6:  കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഭാവി വികസനം പിന്‍വാതിലിലൂടെ അട്ടിമറിച്ച് വെളുക്കെച്ചിരിച്ചു പഞ്ചാര വര്‍ത്താനവുമായി നമ്മെ വഞ്ചിക്കാന്‍ അദ്ദേഹം വീണ്ടും എത്തുകയാണെന്നും പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ദേശീയപാതാ വികസനം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ശ്രീധരന്‍ പിള്ള ക്രേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്.

കേരളത്തോടുള്ള പക പോക്കാന്‍ മോഡി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ അതിന്റെ ചട്ടുകമായി ശ്രീധരന്‍പിള്ള മാറുകയായിരുന്ന എന്നും എങ്ങിനെയും ഈ നാടിനെ നശിപ്പിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യമെന്ന് ഒരിക്കല്‍ കൂടി വെളിവായെന്നും തോമസ് ഐസക് പറയുന്നു.

സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ മറികടന്നപ്പോഴാണ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചതെന്നും ഇതിന് കൂട്ടു നിന്ന ശ്രീധരന്‍പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്നും തോമസ് ഐസക് പറയുന്നു.

വികസനലക്ഷ്യങ്ങള്‍അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. പിണറായി സര്‍ക്കാര്‍ പദ്ധതി 2020 ല്‍ പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കുകയാണ്.

തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ നാടിനു സമര്‍പ്പിച്ചു.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂര്‍ത്തീകരിക്കുന്നു. കരമനകളിയിക്കാവിള റോഡും കിഫ്ബിയില്‍ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികള്‍ക്കു മുന്നില്‍ അടിപതറി 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു.

കണ്ണൂര്‍ കീഴാറ്റൂര്‍, മലപ്പുറം ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചത്.

ബിജെപിയുടെ സംസ്ഥാനാദ്ധ്യക്ഷ പദം വികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമായി മാറ്റിയ ശ്രീധരന്‍പിള്ള ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് അട്ടിമറിച്ചത്.

അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും കേരളം മാപ്പു നല്‍കില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഇനിയും വെളുക്കെ ചിരിച്ചുകൊണ്ട് നമ്മെ വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന നാടൊന്നാകെ ചിന്തിക്കണമെന്നും മന്ത്രി പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM