കേരളത്തിനു സ്വന്തമായി ഭീകരവിരുദ്ധ സ്‌ക്വാഡ്‌- എ.ടി.എസ്‌ – UKMALAYALEE

കേരളത്തിനു സ്വന്തമായി ഭീകരവിരുദ്ധ സ്‌ക്വാഡ്‌- എ.ടി.എസ്‌

Thursday 9 January 2020 4:38 AM UTC

തിരുവനന്തപുരം Jan 9 : സംസ്‌ഥാന പോലീസില്‍ ഭീകരപ്രവര്‍ത്തനങ്ങളും രാജ്യദ്രോഹക്കുറ്റങ്ങളും അന്വേഷിക്കുന്നതിനുള്ള സ്‌ക്വാഡ്‌ (എ.ടി.എസ്‌) രൂപീകരിച്ചു. കൊച്ചിയാണ്‌ ആസ്‌ഥാനം. അന്വേഷണത്തിനു ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) മാതൃകയാക്കുന്ന സ്‌ക്വാഡിന്‌ ഡല്‍ഹി സ്‌പെഷല്‍ പോലീസിന്റെ പരിശീലനം ലഭ്യമാക്കും.

സംസ്‌ഥാനത്തെ മാവോയിസ്‌റ്റ്‌ കേസുകള്‍ എ.ടി.എസാകും അന്വേഷിക്കുക. തീവ്രവാദ നീക്കങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാനാണു മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം.

സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, ഇന്റലിജന്‍സ്‌ തലവന്‍ ടി.കെ. വിനോദ്‌ കുമാര്‍, സ്‌ക്വാഡ്‌ മേധാവി അനുപ്‌ കുരുവിള ജോണ്‍ എന്നിവരടങ്ങിയ സമിതിയായിരിക്കും എ.ടി.എസിലേക്ക്‌ ഉദ്യോഗസ്‌ഥരെ തെരഞ്ഞെടുക്കുക.

അംഗങ്ങളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അങ്കമാലിയിലാണ്‌ കേരള എ.ടി.എസിന്റെ ആദ്യത്തെ പോലീസ്‌ സ്‌റ്റേഷന്‍ സ്‌ഥാപിക്കുന്നത്‌. സംസ്‌ഥാനം മുഴുവനും ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ പോലീസ്‌ സ്‌റ്റേഷന്റെ അധികാര പരിധിയില്‍ പെടും.

ഔദ്യോഗിക രഹസ്യ നിയമം അടക്കം 11 നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്‌ എ.ടി.എസ്‌. അന്വേഷിക്കുക. സ്‌ഫോടകവസ്‌തുക്കള്‍, വിവരസാങ്കേതികം, മയക്കുമരുന്ന്‌, പൊതു-സ്വകാര്യ മുതല്‍ നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഐ.പി.സി. കുറ്റകൃത്യങ്ങളും അന്വേഷിക്കും.

രാജ്യത്ത്‌ അടുത്ത കാലത്തുണ്ടായ ഭീകരപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ ജനസുരക്ഷ മുന്‍നിര്‍ത്തിയാണ്‌ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ രൂപീകരിക്കുന്നതെന്ന്‌ ആഭ്യന്തര വകുപ്പിന്റെ വിജ്‌ഞാപനത്തില്‍ പറയുന്നു.

യു.എ.പി.എ. നിയമത്തിനെതിരേ സി.പി.ഐ. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ രംഗത്തുള്ളപ്പോഴാണ്‌ പുതിയ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM