കേരളം പഠിച്ചില്ല; നിപ്പ വന്ന വഴി
Tuesday 4 June 2019 2:43 AM UTC
തിരുവനന്തപുരം June 4: ലോകത്തുതന്നെ അപൂര്‍വമായ നിപ വൈറസ് 21 ജീവനെടുത്തിട്ടും കേരളം ഒന്നും പഠിച്ചില്ല. ഒരുവര്‍ഷത്തിനിപ്പുറം സംസ്ഥാനത്തു വീണ്ടും നിപ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴും ആദ്യതവണ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
സാധാരണയായി നിപ വൈറസ് വാഹകരായ വവ്വാലുകളല്ല കോഴിക്കോട്ട് രോഗം പരത്തിയതെന്നായിരുന്നു നിഗമനം. എന്നാല്‍, ഒരുവര്‍ഷമായിട്ടും വൈറസ് ബാധയുടെ യഥാര്‍ഥ ഉറവിടം അജ്ഞാതം.
നിപ വീണ്ടുമെത്താതിരിക്കാന് സംസ്ഥാന ആരോഗ്യവകുപ്പ് കൈക്കൊണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും പുതിയ സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങളുയരുന്നു.
കഴിഞ്ഞവര്‍ഷം ആദ്യത്തെ രോഗിയില്‍ വൈറസ് ബാധയുണ്ടായതിനെക്കുറിച്ചും പ്രതിരോധ വാക്സിന് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ആരോഗ്യവകുപ്പ് ഇപ്പോഴും ഇരുട്ടിലാണ്. 1998-ല്‍ മലേഷ്യയിലാണു നിപ വൈറസ് ആദ്യം സ്ഥിരീകരിച്ചത്.
21 വര്‍ഷത്തിനിടെ മലേഷ്യ, സിംഗപ്പുര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ 631 നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 പേര്‍ക്കു നിപ സ്ഥിരീകരിക്കുകയും അതില്‍ 21 പേര് മരിക്കുകയും ചെയ്ത കേരളത്തിലാണു മരണനിരക്ക് ഏറ്റവും കൂടുതല്‍-91%. ഇതിന്റെ കാരണം പഠിക്കണമെന്ന വിദഗ്ധാഭിപ്രായം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.
മരണനിരക്ക് വര്‍ധിക്കാതിരിക്കാന്‍ അടിയന്തരനടപടി കൈക്കൊണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. എന്നാല്‍, രോഗം പടര്‍ന്നുപിടിച്ചത് ആശുപത്രിയിലെ പകര്‍ച്ചവ്യാധി പ്രതിരോധസംവിധാനത്തിന്റെ പിഴവുമൂലമാണെന്ന ആരോപണം സര്‍ക്കാര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നു.
കഴിഞ്ഞവര്‍ഷം മേയ് അഞ്ചിനു കോഴിക്കോട് ചെങ്ങരോത്ത് സൂപ്പിക്കടയില്‍ മൂസയുടെ മകന് മുഹമ്മദ് സാബിത്താണു കേരളത്തില്‍ ആദ്യമായി നിപ ബാധിച്ചു മരിച്ചത്.
രണ്ടാഴ്ചയ്ക്കുശേഷം സാബിത്തിന്റെ മൂത്തസഹോദരന് സാലിയും പിതൃസഹോദരി മറിയവും പിതാവ് മൂസയും ഇതേ ലക്ഷണങ്ങളോടെ മരിച്ചു. ഇവരുടെ ചികിത്സയ്ക്കിടെയാണു നിപ വൈറസിനെ തിരിച്ചറിഞ്ഞത്.
നിപയുടെ ആദ്യ ഇരയായ സാബിത്തിന് എവിടെനിന്നാണു വൈറസ് ബാധയേറ്റതെന്നു സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. വവ്വാലില്നിന്നാണു രോഗം പടര്‍ന്നതെന്ന നിഗമനം സാധൂകരിക്കുന്ന തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചില്ല.
23 പേരില്‍ 22 പേര്‍ക്കും രോഗബാധയേറ്റതു മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍നിന്ന്.
ഇതിലൂടെ വെളിപ്പെട്ടതു സര്‍ക്കാര്‍ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധസംവിധാനത്തിന്റെ അപര്യാപ്തതയായിരുന്നു. അതേക്കുറിച്ചു പഠിക്കാനോ പരിഹാരം കണ്ടെത്താനോ ആരോഗ്യവകുപ്പ് തയാറായില്ല.
കഴിഞ്ഞതവണ നിപയെ അതിജീവിച്ച രണ്ടുപേരാണുള്ളത്- കൊയിലാണ്ടി സ്വദേശി അജന്യയും മലപ്പുറം സ്വദേശി ഉബീഷും. ഇവര്‍ക്കു നല്കിയ ചികിത്സ, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനരീതി തുടങ്ങിയ വിശദവിവരങ്ങള്‍ പഠനവിധേയമാക്കിയാല്‍ രോഗപ്രതിരോധത്തിനു ഗുണകരമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, അത്തരം യാതൊരു പഠനവും നടന്നില്ല. നിപ വീണ്ടും വരില്ലെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്നാണു കഴിഞ്ഞമാസം ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
കോടികള്‍ ചെലവിട്ട് ആരോഗ്യ സര്‍വേ നടത്തുമ്പോഴും നിപ പ്രതിരോധ വാക്സിന് നിര്‍മിക്കാനോ ഗവേഷണം നടത്താനോ ഒരുനടപടിയുമുണ്ടായില്ല.
അപൂര്‍വരോഗത്തിന്റെ പ്രതിരോധ വാക്സിനായി വന്‍തുക ചെലവാക്കേണ്ടിവരുമെന്നതിനാല് സ്വകാര്യ മരുന്നുകമ്പനികള്‍ അതിനു തയാറല്ല. കഴിഞ്ഞതവണ ഓസ്ട്രേലിയയില്‍നിന്നാണു പ്രതിരോധമരുന്ന് എത്തിച്ചത്.
CLICK TO FOLLOW UKMALAYALEE.COM