കേന്ദ്രമന്ത്രിയുമായി വാഗ്വാദം, എസ്‌.പി. യതീഷ്‌ ചന്ദ്രയെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്രം – UKMALAYALEE

കേന്ദ്രമന്ത്രിയുമായി വാഗ്വാദം, എസ്‌.പി. യതീഷ്‌ ചന്ദ്രയെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്രം

Saturday 26 January 2019 3:00 AM UTC

തിരുവനന്തപുരം Jan 26: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനോട്‌ എസ്‌.പി: യതീഷ്‌ ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണം അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്‌ഥാനസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്‌.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാര്‍ഡ്‌ ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനു നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണു കേന്ദ്ര ഇടപെടല്‍.

വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു സംസ്‌ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കു ലഭിച്ച നിര്‍ദേശം. മന്ത്രിയോടു മാത്രമല്ല, സാധാരണ ഭക്‌തരോടും മര്യാദയില്ലാതെയാണ്‌ എസ്‌.പി. പെരുമാറിയതെന്നു റിച്ചാര്‍ഡ്‌ ഹേയുടെ കത്തില്‍ ആരോപിക്കുന്നു.

അന്വേഷണ റിപ്പോര്‍ട്ട്‌ മയപ്പെടുത്തിയാലും കേന്ദ്രം കടുത്തനടപടി സ്വീകരിക്കുമെന്നാണു സൂചന. യതീഷ്‌ ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്‌ണന്‍ പാര്‍ലമെന്റില്‍ നല്‍കിയ അവകാശലംഘന നോട്ടീസും നിലനില്‍ക്കുന്നുണ്ട്‌.

ഇതുപ്രകാരം പാര്‍ലമെന്ററി സമിതി യതീഷ്‌ ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും.

കഴിഞ്ഞ നവംബര്‍ 21-നാണ്‌ ശബരിമല ദര്‍ശനത്തിനായി ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണനൊപ്പം കേന്ദ്രമന്ത്രി നിലയ്‌ക്കല്‍ ബസ്‌ സ്‌റ്റാന്‍ഡിലെത്തിയത്‌.

പമ്പയിലേക്കുള്ള ഗതാഗതനിയന്ത്രണം കേന്ദ്രമന്ത്രിയോട്‌ എസ്‌.പി. വിവരിച്ചു. കെ.എസ്‌.ആര്‍.ടി.സിയെപ്പോലെ സ്വകാര്യവാഹങ്ങളും പമ്പയില്‍ ആളെയിറക്കി തിരിച്ചുപോരട്ടെയെന്ന്‌ മന്ത്രി നിര്‍ദേശിച്ചു.

എല്ലാവരെയും പോകാന്‍ അനുവദിച്ചാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം താങ്കള്‍ ഏറ്റെടുക്കുമോയെന്ന്‌ എസ്‌.പി. ചോദിച്ചു.

ഇല്ലെന്നു മന്ത്രി പറഞ്ഞയുടന്‍, അംഗവിക്ഷേപങ്ങളോടെ, “യെസ്‌, ദാറ്റ്‌ ഈസ്‌ ദ പോയിന്റ്‌, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറല്ല” എന്ന്‌ എസ്‌.പി. പറഞ്ഞതാണു വിവാദമായത്‌.

CLICK TO FOLLOW UKMALAYALEE.COM