കേന്ദ്രനേതൃത്വത്തെ തള്ളി; പ്രതികള്‍ക്ക്‌ മാവോയിസ്‌റ്റ്‌ ബന്ധമെന്നു സി.പി.എം. – UKMALAYALEE

കേന്ദ്രനേതൃത്വത്തെ തള്ളി; പ്രതികള്‍ക്ക്‌ മാവോയിസ്‌റ്റ്‌ ബന്ധമെന്നു സി.പി.എം.

Saturday 9 November 2019 5:15 AM UTC

തിരുവനന്തപുരം/കോഴിക്കോട്‌  Nov 9: യു.എ.പി.എ. കേസില്‍ അറസ്‌റ്റിലായ പാര്‍ട്ടി അംഗങ്ങള്‍ക്കു മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നു സി.പി.എം. കണ്ടെത്തല്‍. കേസില്‍ യാതൊരു തരത്തിലും ഇടപെടേണ്ടെന്നു പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു.

പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരേ സംഘടനാതലത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിക്ക്‌ അനുമതി നല്‍കി. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന്‌ ഉടന്‍ പുറത്താക്കില്ല.

ഇരുവരും സി.പി.എം. ബ്രാഞ്ച്‌ അംഗങ്ങളും എസ്‌.എഫ്‌.ഐ/ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുമാണ്‌.

യു.എ.പി.എ. കേസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പി.ബി. അംഗം എം.എ. ബേബി എന്നിവരുടെ നിലപാട്‌ തള്ളിക്കൊണ്ടാണു സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. കേസില്‍ യു.എ.പി.എ. ചുമത്തുന്നതിനെതിരേ യെച്ചൂരിയും കാരാട്ടും ബേബിയും രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രി പോലീസിനൊപ്പം ഉറച്ചുനില്‍ക്കുകയും യുവാക്കള്‍ക്കു മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നു സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മിറ്റി വ്യക്‌തമാക്കുകയും ചെയ്‌തതോടെയാണു സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം.

കേസില്‍ യു.എ.പി.എ. ചുമത്താതിരിക്കാന്‍ പാര്‍ട്ടി ഇടപെടില്ല. ഇതോടെ പ്രതികള്‍ സ്വന്തമായി കേസ്‌ നടത്തേണ്ടിവരും. അലന്റെയും താഹയുടെയും മാവോയിസ്‌റ്റ്‌ ബന്ധം അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട്‌ സൗത്ത്‌ ഏരിയാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇരുവരുടെയും മാവോയിസ്‌റ്റ്‌ ബന്ധം സ്‌ഥിരീകരിച്ചത്‌. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ രണ്ടുപേരും അതു മുഖവിലയ്‌ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനനും പങ്കെടുത്തിരുന്നു.

പ്രതികളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയാണു വേണ്ടതെന്നു ജില്ലാ കമ്മിറ്റി സംസ്‌ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു ചെയ്‌താല്‍ ഇവരെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ താങ്ങാനാവില്ലെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ്‌ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്‌.

യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താന്‍ നീക്കം നടക്കുന്നതായും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സ്‌ഥലങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്താന്‍ മാവോയിസ്‌റ്റുകള്‍ ശ്രമിക്കാറുണ്ടെന്നും സെക്രട്ടേറിയറ്റ്‌ വിലയിരുത്തി.

പ്രതികള്‍ക്കു മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നും യു.എ.പി.എ. ചുമത്തിയ നടപടിയില്‍നിന്നു പിന്നോട്ടില്ലെന്നും ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ കണ്ണൂര്‍ റേഞ്ച്‌ ഐ.ജി അശോക്‌ യാദവ്‌ വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയും പോലീസ്‌ നടപടിക്കൊപ്പം ഉറച്ചുനിന്നു.

CLICK TO FOLLOW UKMALAYALEE.COM