കേന്ദ്രം തിരുത്തി ; കേരളം വഴങ്ങി , ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പില്ല – UKMALAYALEE

കേന്ദ്രം തിരുത്തി ; കേരളം വഴങ്ങി , ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പില്ല

Tuesday 21 April 2020 1:21 AM UTC

തിരുവനന്തപുരം / ന്യൂഡല്‍ഹി April 21 : കേരളത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ലോക്ക്‌ഡൗണ്‍ ഇളവുകളില്‍ പലതും ചട്ടലംഘനമെന്നു കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ച്‌ ഇളവുകള്‍ തിരുത്തി.
ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും ഹോട്ടലുകളും തുറക്കാനും പൊതുഗതാഗതം തുടങ്ങാനും നല്‍കിയ അനുവാദം പിന്‍വലിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

മേയ്‌ മൂന്നു വരെ നീട്ടിയ ലോക്ക്‌ഡൗണ്‍ കാലയളവില്‍ അനുവദനീയമല്ലാത്ത സേവനങ്ങള്‍, സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ഇളവ്‌ നല്‍കാവുന്ന മേഖലകള്‍ എന്നിവ വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ 14-ന്‌ ഉത്തരവിറക്കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവില്‍ വെള്ളം ചേര്‍ക്കരുതെന്നു പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാല്‍, കേരളമടക്കം ചില സംസ്‌ഥാനങ്ങള്‍ നല്‍കിയ ഇളവുകള്‍ വിലക്കുള്ള മേഖലകള്‍ക്കും വാതില്‍ തുറന്നുകൊടുക്കുന്നതാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല വ്യക്‌തമാക്കി.

സംസ്‌ഥാനത്ത്‌ ഗ്രീന്‍, ഓറഞ്ച്‌ ബി മേഖലകളിലാക്കിയ ഏഴു ജില്ലകളിലാണു സംസ്‌ഥാന സര്‍ക്കാര്‍ ഇളവു വരുത്തിയത്‌. വര്‍ക്ക്‌ ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും പുസ്‌തക്കടകളും തുറക്കാം, ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാം, മുനിസിപ്പല്‍ പരിധിയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം, ഹ്രസ്വദൂര ബസുകള്‍ ഓടിക്കാം, കാറിന്റെ പിന്‍സീറ്റില്‍ രണ്ടു പേര്‍ക്കു യാത്ര ചെയ്യാം, കുടുംബാംഗമെങ്കില്‍ ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റിലിരിക്കാം തുടങ്ങിയ ഇളവുകളിലാണു കേന്ദ്രം പിഴവു ചൂണ്ടിക്കാട്ടിയത്‌.

അതോടെ, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും നല്‍കിയ അനുമതി പിന്‍വലിച്ചു. ബസും ഓട്ടോറിക്ഷകളും ഓടിക്കില്ല. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമാക്കി. കാറില്‍ ഡ്രൈവര്‍ക്കു പുറമേ പിന്‍സീറ്റില്‍ ഒരാള്‍ക്കു മാത്രമേ യാത്രാനുമതിയുണ്ടാകൂ.

ഹോട്ടലുകളില്‍നിന്ന്‌ രാത്രി ഒമ്പതു വരെ പാഴ്‌സല്‍ നല്‍കാം. വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാഹനനിയന്ത്രത്തിലെ ഇളവുകളില്‍ വ്യക്‌തത വരുത്താന്‍ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു നിര്‍ദേശം നല്‍കി. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരേണ്ടിവരും.
കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായേ സംസ്‌ഥാനത്തു നടപടിയെടുക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേകിച്ച്‌ ഇളവുകള്‍ വേണമെങ്കില്‍ അറിയിക്കാന്‍ ആഭ്യന്തര മന്ത്രായം നിര്‍ദേശിച്ചിട്ടുണ്ടെന്നു ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ അറിയിച്ചു.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ലെങ്കിലും ബാര്‍ബര്‍മാര്‍ക്കു വീടുകളിലെത്തി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

എന്നാല്‍ വീടുകളിലേക്കു പോകില്ലെന്നും ലോക്ക്‌ഡൗണ്‍ പിന്‍വലിക്കുന്നതുവരെ കടകള്‍ തുറക്കില്ലെന്നും ഈ മേഖലയിലെ സംഘടനകള്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM