കൊവിഡ്‌-19: കുര്‍ബാന നല്‍കുന്ന രീതി മാറ്റുന്നു, കുര്‍ബാന അപ്പത്തിന്റെ അംശം വായില്‍ വച്ചുകൊടുക്കില്ല – UKMALAYALEE

കൊവിഡ്‌-19: കുര്‍ബാന നല്‍കുന്ന രീതി മാറ്റുന്നു, കുര്‍ബാന അപ്പത്തിന്റെ അംശം വായില്‍ വച്ചുകൊടുക്കില്ല

Tuesday 10 March 2020 3:55 AM UTC

കൊച്ചി March 10: കൊവിഡ്‌-19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന (തിരുവോസ്‌തി) വിശ്വാസികള്‍ക്കു നല്‍കുന്ന രീതിയില്‍ മാറ്റംവരുത്തുന്നതു ക്രൈസ്‌തവസഭകളുടെ പരിഗണനയില്‍. നിലവില്‍ വൈദികര്‍ കുര്‍ബാന അപ്പത്തിന്റെ അംശം ഓരോ വിശ്വാസിയുടെയും വായില്‍ നിക്ഷേപിക്കുകയാണ്‌. പലപ്പോഴും വൈദികന്റെ കൈയില്‍ ഉമിനീര്‍ പറ്റാനിടയാകും.

കാലങ്ങളായി നില്‍ക്കുന്ന ആചാരമാണെങ്കിലും രോഗംപകരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണു പോംവഴി ആലോചിക്കുന്നത്‌. വലിയ നോമ്പില്‍, പ്രത്യേകിച്ചു പെസഹാ ദിനത്തില്‍ ക്രൈസ്‌തവ വിശ്വാസികളെല്ലാം കുര്‍ബാന സ്വീകരിക്കാറുണ്ട്‌.

കത്തോലിക്കാ സഭയിലെ പല രൂപതകളും തിരുവോസ്‌തി കൈയില്‍ കൊടുത്താല്‍ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്‌.

രോഗം പടരുന്ന സാഹചര്യത്തില്‍ വായില്‍ പുരോഹിതന്‍ വച്ചുകൊടുക്കുന്ന രീതിയില്‍ മാറ്റംവരുത്തുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നു യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു.

പെസഹാ ദിനത്തില്‍ കുര്‍ബാന അപ്പത്തോടൊപ്പം ചവച്ചരച്ചിറക്കാനുള്ള പാനീയമായി നല്‍കുന്ന വെള്ളം ഡിസ്‌പോസബിള്‍ ഗ്ലാസില്‍ നല്‍കുന്നതു പരിഗണിക്കും. നിലവില്‍ ഒരു ജാറില്‍നിന്നുതന്നെ എല്ലാവരും കുടിക്കുന്ന രീതിയാണ്‌. പലപ്പോഴും ഇതു ചുണ്ടില്‍ മുട്ടിച്ചാണ്‌ കുടിക്കുന്നത്‌.

മുമ്പു പൗരസ്‌ത്യ സുറിയാനി സഭകളില്‍ കുര്‍ബാന അപ്പത്തിന്റെ അംശം വിശ്വാസിയുടെ കൈയില്‍ നല്‍കുകയായിരുന്നു പതിവ്‌. സാത്താന്‍ കുര്‍ബാനയ്‌ക്കും മറ്റും കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയതോടെയാണ്‌ ഇപ്പോഴത്തെ രീതി തുടങ്ങിയത്‌.

ദൂരെ സ്‌ഥലങ്ങളില്‍ കുര്‍ബാന അപ്പം വൈദികനു നേരിെട്ടത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുന്തിരി ഇലയില്‍ പൊതിഞ്ഞു വിശ്വാസികളുടെ കൈയില്‍ കൊടുത്തുവിടുമായിരുന്നെന്നു സുറിയാനി ഗവേഷകനായ ഫാ.സ്ലീബാ പോള്‍ പനയ്‌ക്കല്‍ പറഞ്ഞു. അതു മുന്തിരിയിലയോടൊപ്പം ഭക്ഷിക്കുകയാണ്‌ പതിവ്‌.

മാര്‍ത്തോമ്മ, കല്‍ദായ സഭകളില്‍ കാസായില്‍നിന്നു വീഞ്ഞ്‌ നീണ്ട സ്‌പൂണ്‍ ഉപയോഗിച്ചു വിശ്വാസികളുടെ വായില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌.

വിശുദ്ധ കുര്‍ബാന കൈകളില്‍മാത്രം നല്‍കണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത മുന്‍ സഹായമെത്രാനും മാണ്ഡ്യ ബിഷപ്പുമായ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌ സര്‍ക്കുലറില്‍ വ്യക്‌തമാക്കി.

ദേവാലയങ്ങളില്‍ പൊതുവായി വിശുദ്ധ ജലംവച്ചിരിക്കുന്ന പാത്രങ്ങളില്‍ തല്‍ക്കാലം വിശുദ്ധ ജലം നിറയ്‌ക്കാതിരിക്കുക, ദേവാലയത്തില്‍ പൊതുസ്‌ഥലങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കി ശുശ്രൂഷയ്‌ക്കു മുമ്പായി കൈകള്‍ വൃത്തിയാക്കുക, പള്ളിയിലെ കുരിശും മറ്റു വിശുദ്ധ വസ്‌തുക്കളും സ്‌തൂപങ്ങളും തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാതെ പകരം കൈക്കൂപ്പി വണങ്ങുക, സമാധാനം ആശ്വസിക്കുമ്പോള്‍ കൈകള്‍ കൂപ്പി സമാധാനം നല്‍കുക, കുടുംബ കൂട്ടായ്‌മയടക്കം എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും പരമാവധി കുറയ്‌ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്തിലിന്റെ സര്‍ക്കുലറിലുണ്ട്‌.

പത്തനംതിട്ടയില്‍ രോഗം സ്‌ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ അണക്കര ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ നടത്താനിരുന്ന പത്തനംതിട്ട കാതലിക്‌ കണ്‍വന്‍ഷന്‍ മാറ്റിവച്ചതായി രൂപതാധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്‌ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM