കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍
Friday 8 March 2019 3:36 AM UTC
കല്‍പ്പറ്റ March 8: വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവായ സി.പി. ജലീല്‍ (33). സംഘാംഗമായ വേല്മുരുകന് പരുക്കേറ്റെന്നും സൂചനയുണ്ട്.
മാവോയിസ്റ്റ് കബനി നാടുകാണി ദളത്തിലെ അംഗമായ ജലീല്‍ മലപ്പുറം പാണ്ടിക്കാട് ചെറുകപ്പള്ളി പരേതനായ ഹംസയുടെ മകനാണ്. മരിച്ചത് ജലീലാണെന്നു സഹോദരന് സി.പി. റഷീദ് സ്ഥിരീകരിച്ചു.
കേരളത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റ് നേതാവാണ് ജലീല്‍. 2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജനെയും അജിതയെയും പോലീസ് വെടിവച്ചുകൊന്നിരുന്നു.
കോഴിക്കോട്- ബംഗളൂരു ദേശീയപാതയ്ക്കരുകിലുള്ള ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ട് പരിസരത്തുവച്ച് ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് മാവോയിസ്റ്റുകളും പോലീസ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
റിസോര്‍ട്ടിലെത്തി ജീവനക്കാരില്‍നിന്നു പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവരമറിഞ്ഞു പോലീസെത്തി മാവോയിസ്റ്റുകളെ നേരിട്ടത്.
തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ക്കുനേരെ വെടിയുതിര്‍ത്തു മാവോയിസ്റ്റുകള്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീലിന് വെടിയേറ്റതെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.
ജലീലിന്റെ തലയുടെ ഇടതുവശത്തും ഇടതുതോളിലുമാണ് വെടിയേറ്റത്. മൃതദേഹത്തിന് സമീപം നാടന്‍ തോക്കും ബാഗും ഹെഡ്ലൈറ്റും ഉണ്ടായിരുന്നു. സമീപമുള്ള സിമെന്റ് പ്രതലങ്ങളില്‍ നിരവധിവെടിയുണ്ടകള് തറച്ച പാടുകളുണ്ട്. മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പിന് കേടുപാടും സംഭവിച്ചു.
റിസോര്‍ട്ട് പരിസരത്തുനിന്ന് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വെടിയുണ്ടകള്‍ ലഭിച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ പുറകില്‍ വനമാണ്. 50 മീറ്ററിലധികം ദൂരത്തില്‍ വനത്തില്‍ ചോരപാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് നായകള്‍ മണം പിടിച്ച് കുറച്ചുദൂരം പോയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭ്യമായില്ല. 50000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് ജലീലും വേല്‍മുരുകനുമാണ് റിസോര്‍ട്ടിലെത്തിയത്. മറ്റൊരാള്‍ പുറത്ത് കാവല്‍ നിന്നു.
കൈയിലുള്ള തുക സമാഹരിച്ച് 10,000 രൂപ മാവോയിസ്റ്റുകള്‍ക്ക് നല്‍കിയെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പോലീസിന് നല്കിയ മൊഴി. ബാക്കി തുകക്കായി പേശല്‍ നടക്കുന്നതിനിടെയാണ് രഹസ്യസന്ദേശം കിട്ടിയ പോലീസ് റിസോര്‍ട്ടിലേക്ക് ചീറിപ്പാഞ്ഞെത്തിയത്.
കടന്നുകളഞ്ഞവരെ കണ്ടെത്താന്‍ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള ലക്കിടി വനമേഖലകളില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും പരിശോധന തുടരുകയാണ്. ബുധനാഴ്ച രാത്രി വയനാടന്‍ ചുരത്തില്‍ വാഹനഗതാഗതം നിരോധിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാവിലെ ജലീലിന്റെ സഹോദരന് റഷീദ് ലക്കിടിയിലെത്തിയെങ്കിലും പോലീസ് സ്ഥലത്തേക്ക് കടത്തിവിട്ടില്ല. ഉച്ചകഴിഞ്ഞാണ്റഷീദിനെ മൃതദേഹം കാണാന്‍ അനുവദിച്ചത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സി.പി. റഷീദ് വയനാട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ആദ്യം മാധ്യമ പ്രവര്‍ത്തകരെയും പോലീസ് മൃതദേഹം കാണാന്‍ അനുവദിച്ചില്ല. ഉച്ചകഴിഞ്ഞ് തിരിച്ചറിയല്‍കാര്‍ഡുകള്‍ പരിശോധിച്ചശേഷമാണ് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചത്.
CLICK TO FOLLOW UKMALAYALEE.COM