കൊറോണ തൃശൂരില്‍ , ഇന്ത്യയില്‍ ആദ്യം ; രോഗി ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി – UKMALAYALEE

കൊറോണ തൃശൂരില്‍ , ഇന്ത്യയില്‍ ആദ്യം ; രോഗി ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി

Friday 31 January 2020 6:20 AM UTC

തൃശൂര്‍/തിരുവനന്തപുരം Jan 31 : ലോകത്തെ വിറപ്പിച്ച്‌ പടരുന്ന കൊറോണ വൈറസ്‌ ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്‌ഥിരീകരിച്ചു. ചൈനയില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന്‌ ആരോഗ്യവകുപ്പ്‌.
സംസ്‌ഥാനത്താകെ 1053 പേര്‍ നിരീക്ഷണത്തിലുണ്ട്‌. പുനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ 20 രക്‌തസാമ്പിളുകള്‍ അയച്ചതില്‍ 11 എണ്ണത്തിന്റെ ഫലമറിഞ്ഞപ്പോഴാണ്‌ ഒരാളില്‍ രോഗം സ്‌ഥിരീകരിച്ചത്‌.

പത്തെണ്ണം നെഗറ്റീവാണ്‌. ആറെണ്ണത്തിന്റെ പ്രാഥമികഫലം വിശദപരിശോധനയ്‌ക്കായി മാറ്റിവച്ചു. കേന്ദ്ര, സംസ്‌ഥാന വിദഗ്‌ധസംഘം ഉടന്‍ തൃശൂരിലെത്തും. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇന്നലെ രാത്രി ഗവ. മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി.

വുഹാന്‍ സര്‍വകലാശാലയില്‍ എം.ബി.ബി.എസ്‌. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ 26-നാണ്‌ ചികിത്സ തേടിയത്‌. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. പുനെയില്‍ നടത്തിയ പ്രാഥമികപരിശോധനയുടെ ഫലമാണു ലഭിച്ചത്‌. രണ്ടാമത്തെ സാമ്പിളിന്റെ ഫലം വരാനുണ്ട്‌.

വിദ്യാര്‍ഥിനി സംസാരിക്കുന്നുണ്ടെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചതായി ആശുപത്രി സന്ദര്‍ശിച്ച ടി.എന്‍. പ്രതാപന്‍ എം.പി. പറഞ്ഞു.

സംസ്‌ഥാനത്തു കൊറോണ സ്‌ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ്‌ ഉന്നതതലയോഗം ചേര്‍ന്നു. വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റും. രോഗിയുടെ ബന്ധുക്കളെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷിക്കും.

ചൈനയില്‍നിന്നു തിരിച്ചെത്തിയ എല്ലാവരെയും പരിശോധിക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 14 ദിവസമെങ്കിലും വീട്ടില്‍ത്തന്നെ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിലും കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ ഇടപെടരുത്‌.

തൃശൂരില്‍ നാലുപേരെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്‌. ലക്ഷണങ്ങളില്ലാതെയും കൊറോണ പകര്‍ന്നേക്കും. പ്രായമായവര്‍, ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ കൊറോണ ഗുരുതരമാകാന്‍ സാധ്യതയുണ്ട്‌.

എല്ലാ ജില്ലയിലും കൊറോണ ചികിത്സയ്‌ക്കു സംവിധാനമൊരുക്കി. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ ദിശ 1056 നമ്പറില്‍നിന്ന്‌ നിര്‍ദേശവും സഹായവും ലഭിക്കും.

ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയിലെ വൈറോളജി ലാബില്‍ കൊറോണ വൈറസ്‌ പരിശോധനയ്‌ക്കു സൗകര്യമൊരുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM