കൊച്ചിയിലെ വെള്ളക്കെട്ട്‌ : കോര്‍പറേഷനെ ‘പൊളിച്ചടുക്കി’ ഹൈക്കോടതി – UKMALAYALEE

കൊച്ചിയിലെ വെള്ളക്കെട്ട്‌ : കോര്‍പറേഷനെ ‘പൊളിച്ചടുക്കി’ ഹൈക്കോടതി

Thursday 24 October 2019 4:35 AM UTC

കൊച്ചി Oct 24: ഉപതെരഞ്ഞെടുപ്പ്‌ ദിവസം നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ പേരില്‍ കൊച്ചി കോര്‍പറേഷനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത നഗരസഭയെ, മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരമുപയോഗിച്ച്‌ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മനക്കരുത്ത്‌ കാട്ടണമെന്നു ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഇന്നു നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.പേരണ്ടൂര്‍ കനാല്‍ ശുചീകരണം സംബന്ധിച്ച കേസ്‌ പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം.

കൊച്ചിയെ സിംഗപ്പൂരാക്കേണ്ട, കൊച്ചിതന്നെ ആക്കിയാല്‍ മതി. ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവസ്‌ഥയുണ്ടാകണം. കനാലുകളിലെ ചെളി നീക്കാന്‍ ഓരോവര്‍ഷവും ചെലവാക്കുന്നതു കോടികളാണ്‌.

എന്നാല്‍, പ്രവര്‍ത്തനം കൃത്യമല്ല. കൊച്ചി നഗരവാസികളുടെ രോദനം നാള്‍ക്കുനാള്‍ കൂടിവരുകയാണ്‌. ഒരു മഴപെയ്‌തു തോര്‍ന്നപ്പോള്‍ നഗരത്തിലെ ദരിദ്രജനങ്ങള്‍ വെള്ളക്കെട്ടിലായെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

ചെറിയമഴയില്‍ത്തന്നെ കൊച്ചിയില്‍ വലിയ വെള്ളക്കെട്ടുകളാണുണ്ടാകുന്നത്‌. പ്രളയത്തേക്കാള്‍ ഭയാനകമായ സ്‌ഥിതിവിശേഷമാണു നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായത്‌. പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാന്‍ ആരുമില്ല.

ഈ നിഷ്‌ക്രിയത്വത്തിനെതിരേ ജനം എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂവെന്നു കരുതരുത്‌. നഗരസഭ അനാസ്‌ഥ കാട്ടിയാല്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു.

പേരണ്ടൂര്‍ കനാലില്‍ മാലിന്യം തള്ളുന്നതു തടയാന്‍ കോര്‍പറേഷന്‍ നിത്യേന നടപടി സ്വീകരിക്കണമെന്നു കോടതി മുമ്പു നിര്‍ദേശിച്ചിരുന്നു. മാലിന്യം തള്ളുന്നതു ശിക്ഷാര്‍ഹമാണെന്നു വ്യക്‌തമാക്കി, ബോര്‍ഡുകള്‍ സ്‌ഥാപിച്ചും മറ്റും ബോധവത്‌കരണം നടത്തണം.

ഇതുസംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM