കെവിന്‍വധം ദുരഭിമാനക്കൊലയെന്നു കോടതി; ഷാനുവടക്കം 10 പ്രതികള്‍ കുറ്റക്കാര്‍ – UKMALAYALEE

കെവിന്‍വധം ദുരഭിമാനക്കൊലയെന്നു കോടതി; ഷാനുവടക്കം 10 പ്രതികള്‍ കുറ്റക്കാര്‍

Friday 23 August 2019 2:49 AM UTC

കോട്ടയം Aug 23: ജാതി നോക്കാതെ പ്രണയിച്ചതിനു ജീവന്‍ വിലനല്‍കേണ്ടിവന്ന കെവിന്റേതു ദുരഭിമാനക്കൊലപാതകമെന്നു കോടതി. കെവിനെ പ്രണയിച്ച നീനുവിന്റെ സഹോദരന്‍ ഷാനു അടക്കം പത്തുപേരെ കുറ്റക്കാരെന്നു കണ്ടെത്തി.

ഇവര്‍ക്കുള്ള ശിക്ഷയെപ്പറ്റി നാളെ വാദം കേള്‍ക്കും. നീനുവിന്റെ പിതാവ്‌ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാലു പേരെ വെറുതേവിട്ടു. നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫ്‌ കൊല്ലപ്പെട്ട സംഭവം ദുരഭിമാനക്കൊലപാതകം എന്ന ഗണത്തില്‍ സംസ്‌ഥാനത്ത്‌ ആദ്യത്തേതാണ്‌.

ഒന്നാം പ്രതി പത്തനാപുരം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ്‌ മോന്‍ (ചിന്നു, 24), മൂന്നാം പ്രതി ഇടമണ്‍ തേക്കുംകൂപ്പ്‌ താഴത്ത്‌ ഇഷാന്‍ ഇസ്‌മയില്‍ (21), നാലാംപ്രതി പുനലൂര്‍ ഇടമണ്‍ ഗവണ്‍മെന്റ്‌ സ്‌കൂള്‍ റിയാസ്‌ മന്‍സിലില്‍ റിയാസ്‌ ഇബ്രാഹിംകുട്ടി (27), ആറാം പ്രതി പുനലൂര്‍ തെങ്ങുംതറയില്‍ പുത്തന്‍വീട്ടില്‍ താഴക്കടവാതില്‍ക്കല്‍ അശോക ഭവനില്‍ മനു മുരളീധരന്‍ (27), ഏഴാം പ്രതി പുനലൂര്‍ മരുതമണ്‍ ഭരണിക്കാവ്‌ അന്‍ഷാദ്‌ മന്‍സിലില്‍ ഷിഫിന്‍ സജാദ്‌ (28), എട്ടാം പ്രതി പുനലൂര്‍ ചാലക്കോട്‌ റേഡിയോ പാര്‍ക്ക്‌ വാലുതുണ്ടിയില്‍ എന്‍. നിഷാദ്‌ (23), ഒമ്പതാം പ്രതി പത്തനാപുരം വിളക്കുടി കടശേരി ടറ്റു ഭവനില്‍ ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി പുനലൂര്‍ മരുതിവിള മുസാവരിക്കുന്ന അല്‍മന്‍ഹല്‍ മന്‍സിലില്‍ ഫസില്‍ ഷെരീഫ്‌ (അപ്പൂസ്‌, 26), പന്ത്രണ്ടാം പ്രതി പുനലൂര്‍ കൂനംകുഴിയില്‍ ചരിവിള വാളക്കോട്‌ ഗേസ്രിങ്‌ ബ്ലോക്ക്‌ ഈട്ടിവിള ഷാനു ഷാജഹാന്‍(25) എന്നിവരെയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി എസ്‌. ജയചന്ദ്രന്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്‌.

അഞ്ചാം പ്രതി ചാക്കോ ജോണ്‍, പത്താം പ്രതി പുനലൂര്‍ വാളകക്കോട്‌ ആതിര ഭവനില്‍ ശാസ്‌ാംകോണം സന്തോഷ്‌ ഭവനില്‍ ബി. വിഷ്‌ണു അപ്പുണ്ണി, പതിമൂന്നാം പ്രതി പുനലൂര്‍ കൂനംകുഴിയില്‍ ചരിവിള ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന്‍, പതിനാലാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ സജിതാ മന്‍സില്‍ നേതാജി വാര്‍ഡില്‍ മഞ്‌ജു ഭവനില്‍ റെമീസ്‌ ഷെറീഫ്‌ എന്നിവരെയാണു വെറുതേവിട്ടത്‌.

കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരേ കൊലപാതകം (302), പണത്തിനു വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശുക (364 -എ), ഭീഷണിപ്പെടുത്തുക (506(2)) എന്നീ കുറ്റങ്ങള്‍ ചുമത്തി.

ഒന്നും രണ്ടും നാലും പ്രതികള്‍ക്കെതിരേ ഗൂഢാലോചന (120 -ബി) കുറ്റവുമുണ്ട്‌. രണ്ട്‌, നാല്‌, ആറ്‌, ഒമ്പത്‌, 11, 12 പ്രതികള്‍ക്കെതിരേ ഭവനഭേദനം (449), സ്വത്തു നശിപ്പിക്കല്‍ (427), തടഞ്ഞുവയ്‌ക്കല്‍ (341) എന്നീ വകുപ്പുകള്‍ പ്രകാരവും എട്ട്‌, 12 പ്രതികള്‍ക്കെതിരേ ദേഹോപദ്രവം എല്‍പ്പിക്കല്‍, പൊതു ഉദ്ദേശ്യത്തോടെ സംഘം ചേരല്‍ (323, 34) വകുപ്പുകള്‍ പ്രകാരവും കുറ്റംചുമത്തി.

ഏഴാം പ്രതിക്കെതിരേയുള്ളത്‌ തെളിവു നശിപ്പിക്കല്‍ (201) കുറ്റമാണ്‌. കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകല്‍ (364) വകുപ്പില്‍നിന്ന്‌ എല്ലാ പ്രതികളെയും ഒഴിവാക്കി.

കൊലപാതകം, തട്ടിക്കൊണ്ടുപോയി വിലപേശല്‍ കുറ്റങ്ങള്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്നവയാണ്‌.

വെറുതെവിട്ട പ്രതികള്‍ക്കെതിരേ അപ്പീല്‍ നല്‍കുന്നത്‌ ആലോചിക്കുമെന്നു പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്‌. അജയന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ്‌ 27-നായിരുന്നു സംഭവം. രാത്രിയില്‍ കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍നിന്നു കെവിനെയും ബന്ധു അനീഷിനെയും പതിമൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ പിന്നീട്‌ ഗാന്ധിനഗറില്‍ തിരികെയെത്തിച്ചു.

പിറ്റേന്നു രാവിലെ തെന്മല ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. 113 സാക്ഷികളുണ്ടായിരുന്ന കേസില്‍ വിസ്‌താരത്തിനിടെ ആറു പേര്‍ കൂറുമാറിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM