കൂട്ടിക്കിഴിച്ച്‌ മുന്നണികള്‍ ഇന്നു വിധിയെഴുത്ത്‌ – UKMALAYALEE

കൂട്ടിക്കിഴിച്ച്‌ മുന്നണികള്‍ ഇന്നു വിധിയെഴുത്ത്‌

Monday 21 October 2019 4:55 AM UTC

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവും കോന്നിയും അരൂരും എറണാകുളവും മഞ്ചേശ്വരവും ഇന്നു വിധിയെഴുതും. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലെ ഒമ്പതര ലക്ഷത്തോളം വോട്ടര്‍മാര്‍ ഉപതെരഞ്ഞെടുപ്പിനു പോളിങ്‌ ബൂത്തിലേക്ക്‌.

ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ഇന്നു നടക്കും.

ഇന്നലെ നിശബ്‌ദ പ്രചാരണത്തിലായിരുന്ന സ്‌ഥാനാര്‍ഥികളും അണികളുമൊക്കെ അവസാന കൂട്ടിക്കിഴിക്കലില്‍ വിജയപ്രതീക്ഷയിലാണ്‌.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ മികച്ച ജയമാണ്‌ എല്‍.ഡി.എഫ്‌. ലക്ഷ്യമിടുന്നത്‌. സിറ്റിങ്‌ സീറ്റായ അരൂരിനു പുറമേ ഒരു മണ്ഡലത്തിലെങ്കിലും അധികമായി ജയിക്കാനായാല്‍ മുന്നണിക്കും സര്‍ക്കാരിനും നേട്ടമാകും.

നാലു സിറ്റിങ്‌ സീറ്റുകള്‍ നിലനിര്‍ത്തുകയാണ്‌ യു.ഡി.എഫിനു മുന്നിലുള്ള വെല്ലുവിളി. ശക്‌തമായ വേരോട്ടമുള്ള വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും, സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല സമരനായകനുമായ കെ. സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയിലും നേട്ടമുണ്ടാക്കിയാലേ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ സംസ്‌ഥാന നേതാക്കള്‍ക്കും പിടിച്ചുനില്‍ക്കാനാവൂ.

അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടര്‍മാരാണുള്ളത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12,780 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്‌. 896 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. 5225 പോളിങ്‌ ഉദ്യോഗസ്‌ഥരെയും നിയോഗിച്ചിട്ടുണ്ട്‌.

ജാതിരാഷ്‌്രടീയം സജീവ ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പില്‍ വികസനംതൊട്ട്‌ വിശ്വാസംവരെ പ്രചാരണവിഷയമായി. മൂന്നു മുന്നണികളുടേയും സംസ്‌ഥാന നേതൃത്വമൊട്ടാകെ അഞ്ചു മണ്ഡലങ്ങളിലും കേന്ദ്രീകരിച്ചു.

എന്‍.എസ്‌.എസും ചില ക്രിസ്‌തീയ സഭകളും പരസ്യനിലപാട്‌ സ്വീകരിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടായോയെന്നറിയാന്‍ 24 വരെ കാത്തിരിക്കേണ്ടി വരും.

CLICK TO FOLLOW UKMALAYALEE.COM