കൂടെയുണ്ടെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാൽ, അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി താരങ്ങൾ – UKMALAYALEE
foto

കൂടെയുണ്ടെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാൽ, അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി താരങ്ങൾ

Monday 10 January 2022 10:46 PM UTC

KOCHI Jan 10: അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നടിയ‌ുടെ വാക്കുകൾ പങ്കുവെച്ച് കൊണ്ടാണ് മെഗാസ്റ്റാർ പിന്തുണ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയായിട്ടുണ്ട്.

നടിയ്ക്ക് പിന്തുണയുമായി മുതിർന്ന താരങ്ങൾ എത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതുസംബന്ധമായ ചർച്ചകൾ കൊഴുക്കുമ്പോഴാണ് പരസ്യ പിന്തുണയുമായി മമ്മൂട്ടി എത്തുന്നത്. കൂടെയുണ്ട് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. മെഗാസ്റ്റാറിന് പിന്നാലെ മോഹൻലാലും പിന്തുണ അറിയിച്ചിട്ടുണ്ട്. നടിയുടെ പോസ്റ്റിനോടൊപ്പം ബഹുമാനം എന്നായിരുന്നു കുറിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അതിജീവിച്ച നടി പോസ്റ്റ് പങ്കുവെച്ചത്.

അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി യുവതാരങ്ങൾ രാവിലെ തന്നെ രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യർ, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, പൃഥ്വിരാജും, ടൊവിനോ തോമസ്, കാളിദാസ് ജയറാം, ആസിഫ് അലി , ദുൽഖർ, ബേസിൽ,ബാബുരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ തുടങ്ങി നിരവധി താരങ്ങൾ ച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. മോളിവുഡ് താരങ്ങൾ മാത്രമല്ല ബോളിവുഡ് താരം സോനം കപൂറും പിന്തുണ അറിയിച്ചിരുന്നു.

ധീരത എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചിരുന്നു. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിരുന്നു. പൃഥ്വിരാജ് ആയിരുന്നു നടന്മാരിൽ ആദ്യം പിന്തുണ അറിയിച്ചത്. നടിയുടെ പ്രതിസന്ധി ഘട്ടത്തിലും പൃഥ്വി ഒപ്പമുണ്ടായിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലന്നാണ് നട പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. പ്രതിസന്ധിയിൽ കൂടെ നിന്നവർക്കെല്ലാം നന്ദിയും പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ” ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.

എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി”…. നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

CLICK TO FOLLOW UKMALAYALEE.COM