കൂടത്തായി കൊലപാതകപരമ്പര : ജോളിയുടെ ഫോണ്‍ വിളി: കൂടുതല്‍ പേര് കുടുങ്ങും
Wednesday 9 October 2019 4:45 AM UTC
കോഴിക്കോട് Oct 9 : കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട്, ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഏഴുപേര്‍ക്കു നോട്ടീസ്. അറസ്റ്റിലായ ജോളിയുടെ ഫോണ്‍ വിളിപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നിര്‍ദേശം.
ഇവരെ ചോദ്യം ചെയ്തശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു സൂചന. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടും അന്വേഷണം നടക്കാത്ത പശ്ചാത്തലത്തില്‍, പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
മൂന്നു കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഇന്നലെ കോടഞ്ചേരി പോലീസ് പൂട്ടി മുദ്രവച്ചു. മുഖ്യപ്രതി ജോളിയും രണ്ടാംഭര്‍ത്താവ് ഷാജുവുമാണ് ഇവിടെ താമസിച്ചിരുന്നത്.
ജോളി അറസ്റ്റിലായ ശനിയാഴ്ചതന്നെ ഷാജു വീട്ടില്‍നിന്നു സാധനസാമഗ്രികളെല്ലാം കോടഞ്ചേരി പുലിക്കയത്തെ വീട്ടിലേക്കു മാറ്റിയിരുന്നു.
എസ്.ഐ: കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ വിശദപരിശോധന നടത്തിയശേഷമാണ് ഇന്നലെ രാവിലെ ഒമ്പതോടെ വീട് പൂട്ടിയത്.
ഉച്ചകഴിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരിദാസിന്റെ നേതൃത്വത്തില്‍ എത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്കായി വീട് തുറന്നുകൊടുത്തു.
കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജോളിയുടെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുവരുന്നു. രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥരുമായും ഇവര്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഓരോ കൊലപാതകത്തിനും മുമ്പും ശേഷവും ജോളി ആരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ടെന്നു പരിശോധിക്കും.
വ്യാജ ഒസ്യത്ത് തയാറാക്കി, ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളിക്കു കൂട്ടുനിന്നവരും പോലീസ് നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ടു രാഷ്ട്രീയനേതാക്കള്‍ക്കു പങ്കുള്ളതായി സൂചനയുണ്ട്. ചാത്തമംഗലം ചൂലൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഒസ്യത്തില്‍ സാക്ഷികളായി ഒപ്പുവച്ചിരുന്നു.
ഇവരെക്കുറിച്ചും അന്വേഷിക്കുന്നു. റവന്യൂ വകുപ്പിലെയും രജിസ്ട്രേഷന് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ വ്യാജ ഒസ്യത്ത് രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടുനിന്നോയെന്നും പരിശോധിക്കും. കേസില്‍ ഇതുവരെ ഇരുനൂറിലധികം പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത് വിട്ടയച്ചവരെ വീണ്ടും വിളിപ്പിക്കും. മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ ജോളിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്തശേഷമാകും തെളിവെടുപ്പ്.
ബുധനാഴ്ച ഇതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണു തെളിവ് ലഭിച്ചിട്ടുള്ളത്. മറ്റ് അഞ്ചു കേസുകളില്‍ തെളിവ് ശേഖരിക്കാന്‍ ശ്രമം തുടരുന്നു.
ജോളി, കുടുംബസുഹൃത്ത് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (ഷാജി), സ്വര്ണപ്പണിക്കാരന് താമരശ്ശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പൊയിലിങ്ങല്‍ പ്രജികുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
മാത്യുവിനു സയനൈഡ് നല്‍കിയതായി പ്രജികുമാറും അതു ജോളിക്കു കൈമാറിയതായി മാത്യുവും സമ്മതിച്ചു.
CLICK TO FOLLOW UKMALAYALEE.COM