കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍: അപായസൂചനയുമായി എന്‍.ഐ.എ. – UKMALAYALEE

കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍: അപായസൂചനയുമായി എന്‍.ഐ.എ.

Monday 24 February 2020 7:06 AM UTC

തിരുവനന്തപുരം/കൊല്ലം Feb 24 : കുളത്തൂപ്പുഴയില്‍ കണ്ടെടുത്ത വെടിയുണ്ടകള്‍ എ.കെ-47 പോലുളള യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്നവയാണെന്നു ദേശീയ അനേ്വഷണ ഏജന്‍സി (എന്‍.ഐ.എ) കേരളാ പോലീസിനെ അറിയിച്ചു.

പാകിസ്‌താന്‍ നിര്‍മിതമെന്നു കരുതുന്ന വെടിയുണ്ടകള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കാവുന്ന തരത്തില്‍ മാലയാക്കിയിരുന്നത്‌ അപായസാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. വെടിയുണ്ട കണ്ടെത്തിയതിനു പത്തു കി.മീ. ചുറ്റളവിലുള്ള ആശുപത്രി, സ്‌കൂള്‍ എന്നിവയുടെ സുരക്ഷ ശക്‌തമാക്കി.

കളിയിക്കാവിള ചെക്ക്‌പോസ്‌റ്റില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ വെടിവച്ചുകൊന്ന ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളെ പിടികൂടിയത്‌ കൊല്ലം ജില്ലയിലെ തെന്മലയില്‍ വച്ചായിരുന്നു.

ആസൂത്രിത ആക്രമണത്തിന്‌ മാവോയിസ്‌റ്റുകള്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പദ്ധതിയിട്ടതായും സംശയമുണ്ട്‌. പാങ്ങോട്‌ മിലിട്ടറി ക്യാമ്പ്‌ കേന്ദ്രീകരിച്ചും അനേ്വഷണം നടത്തുന്നുണ്ട്‌.

വെടിയുണ്ടകള്‍ 1981-82 വര്‍ഷം നിര്‍മിച്ചവയാണെങ്കിലും അതു മാലയാക്കി സൂക്ഷിച്ച ബെല്‍റ്റ്‌ പുതിയതാണ്‌. ഭീകരര്‍ ഉപേക്ഷിച്ചതാകില്ലെന്നും അവര്‍ക്കു കൈമോശം വന്നതാകാനാണു സാധ്യതയെന്നുമാണ്‌ അനേ്വഷണ ഉദ്യോഗസ്‌ഥരുടെ നിഗമനം.

കൊല്ലം റൂറല്‍ എസ്‌.പി: എസ്‌. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണം പുരോഗമിക്കുകയാണ്‌.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ അനേ്വഷണം തീവ്രവിരുദ്ധ സേനയ്‌ക്കു കൈമാറി. എന്‍.ഐ.എ, മിലിട്ടറി ഇന്റലിജന്‍സ്‌, റോ, ഇന്റലിജന്‍സ്‌ ബ്യൂറോ എന്നിവരും അന്വേഷണത്തില്‍ ഒപ്പമുണ്ട്‌. നേരത്തേ എന്‍.ഐ.എയുടെ സ്‌പെഷലിസ്‌റ്റ്‌ വിഭാഗത്തില്‍ സേവനമനുഷ്‌ഠിച്ചിരുന്ന തിരുവനന്തപുരം ഡി.ഐ.ജി. സഞ്‌ജയ്‌ കുമാര്‍ ഗുരുഡിന്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി.

തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്‌ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേനിര്‍മാണത്തിനായി എടുത്ത മണ്ണിനുമുകളില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെയാണു വാഹനയാത്രക്കാര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌.

12 വെടിയുണ്ടകള്‍ മാലയായും രണ്ടെണ്ണം വേര്‍പെട്ട നിലയിലുമായിരുന്നു. 7.62 എം.എം. കാലിബര്‍ വെടിയുണ്ടകളില്‍ പി.ഒ.എഫ്‌. എന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌.

പാകിസ്‌താന്‍ ഓര്‍ഡനന്‍സ്‌ ഫാക്‌ടറി എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഇതെന്നു കരുതുന്നു. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാ വശങ്ങളും വിശദമായി വിലയിരുത്തുമെന്നും ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM