കുംബ്ലെ പുറത്തായതിനു പിന്നില്‍ കോഹ്ലിയുടെ പിടിവാശി: വിനോദ് റായ്
Friday 25 October 2019 4:48 AM UTC
മുംബൈ Oct 25: ബിസിസിഐ അധ്യക്ഷനായി മുന്‍ നായകന് സൗരവ് ഗാംഗുലി ചുമതലയേറ്റതിനു പിന്നാലെ മുന്‍ പരിശീലകനായ കുംബ്ലെയുടെ പുറത്താകലില്‍ വെളിപ്പെടുത്തലുമായി വിനോദ് റായ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ തെറിച്ചത് നായകന് വിരാട് കോഹ്ലിയുടെ പിടിവാശി ആണെന്നു പറഞ്ഞുകൊണ്ട് അന്ന് ഗാംഗുലി ഉണ്ടായിരുന്നുവെങ്കില്‍ കുംബ്ലെ പുറത്താകില്ലായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.
അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയര്മാന് വിനോദ് റായ് വെളിപ്പെടുത്തി.
കുംബ്ലെ-കോഹ്ലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കില്‍ കോഹ്ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തുമായിരുന്നുവെന്നും റായി അഭിപ്രായപ്പെട്ടു.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കുംബ്ലെയെ തല്‍സ്ഥാനത്ത് നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിനോദ് റായി നടത്തിയിരിക്കുന്നത്.
ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റതോടെ ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചു.
ഇന്നാണ് പ്രശ്നമെങ്കില്‍ ഗാംഗുലി കോഹ്ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തുമായിരുന്നു. എങ്കിലും അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കും കാരണമായേനെ എന്നും വിനോദ് റായി അഭിപ്രായപ്പെട്ടു.
ഒന്നിനും നില്‍ക്കാതെ സ്വയം പിന്മാറിയ കുംബ്ലെയോട് ബഹുമാനമാണ് തോന്നിയതെന്നും റായി കൂട്ടിച്ചേര്‍ത്തു.
CLICK TO FOLLOW UKMALAYALEE.COM