കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ പീതാംബരനെ സി.പി.എം പുറത്താക്കി – UKMALAYALEE
foto

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ പീതാംബരനെ സി.പി.എം പുറത്താക്കി

Wednesday 20 February 2019 2:30 AM UTC

കാസര്‍ഗോഡ് Feb 20: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ലോക്കല്‍ കമ്മറ്റി അംഗത്തെ സി.പി.എം പുറത്താക്കി. പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ. പീതാംബരനെയാണ് പുറത്തക്കിയത്.

കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു.

പീതാംബരനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം കാസര്‍ഗോഡ് ജില്ലാ നേതൃത്വം അറിയിച്ചു. പെരിയയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് പീതാംബരന്റേത്.

മറ്റ് ആറ് പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.പി ശ്രീനിവാസ് അറിയിച്ചു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വെട്ടിക്കൊന്നത്. കാറില്‍ എത്തിയ അക്രമി സംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സി.പി.എം പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്ത പീതാംബരനെ വൈകുന്നേരം ആറ് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ സഞ്ചരിച്ച സൈലോ കാറും ഉടമ സജി ജോര്‍ജും കസ്റ്റഡിയിലായിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM