കാസര്‍ഗോട്ട്‌ രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു – UKMALAYALEE

കാസര്‍ഗോട്ട്‌ രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു

Monday 18 February 2019 2:13 AM UTC

കാസര്‍ഗോഡ്‌ Feb 18: പെരിയ കല്യോട്ട്‌ രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കൃപേഷ്‌ (24), ശരത്ത്‌ ലാല്‍ (ജോഷി – 21)എന്നിവരാണു മരിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാനത്ത്‌ ഇന്ന്‌ രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.

സി.പി.എമ്മാണ്‌ ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ്‌. നേരത്തേ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗത്തെ ആക്രമിച്ചതിലുള്ള പ്രതികാരമാണ്‌ കൃപേഷിനു നേരേയുണ്ടായ ആക്രമണത്തിലെത്തിയതെന്ന്‌ ആരോപണമുണ്ട്‌.

മുന്നാട്‌ പീപ്പിള്‍സ്‌ കോളജില്‍ വിദ്യാര്‍ഥികളായ കല്യോട്ടെ യുവാക്കള്‍ പതിവായി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ മാസങ്ങള്‍ക്കു മുമ്പ്‌ ബസ്‌ തടഞ്ഞ്‌ സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.

പെരിയ ലോക്കല്‍ കമ്മിറ്റിയംഗം ഏച്ചിലടുക്കത്തെ എ. പീതാംബരന്‍, കേരളാ പ്രവാസി സംഘം വില്ലേജ്‌ സെക്രട്ടറി കല്യോട്ടെ എ. സുരേന്ദ്രന്‍ എന്നിവര്‍ക്കാണ്‌ അന്നു വെട്ടേറ്റത്‌.

കൃപേഷ്‌ അടക്കം 11 കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരേ നരഹത്യാശ്രമത്തിനു പോലീസ്‌ കേസെടുത്തിരുന്നു. ഇതിനു ശേഷം പെരിയയിലും പരിസരത്തും സി.പി.എം-കോണ്‍ഗ്രസ്‌ സംഘര്‍ഷാവസ്‌ഥ നിലനിന്നിരുന്നു.

നേരത്തേ പെരിയ പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട കൃപേഷ്‌. കല്യോട്ട്‌ ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രിയോടെ സംഘര്‍ഷമുണ്ടായിരുന്നു. അതിനിടെയാണ്‌ കൃപേഷിനും ഒപ്പമുണ്ടായിരുന്ന ശരത്തിനും നേരേ ആക്രമണമുണ്ടായത്‌.

മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ശരത്‌ മരിച്ചത്‌.

കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്കു കൊണ്ടുപോകും. കൃഷ്‌ണനാണ്‌ കൃപേഷിന്റെ പിതാവ്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കാസര്‍ഗോഡ്‌ ജില്ലയില്‍ കോണ്‍ഗ്രസ്‌ ഇന്നു ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കി. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണു ഹര്‍ത്താലെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ ഹക്കിം കുന്നില്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM