കാലിടറി ആം ആദ്മി പാര്‍ട്ടി:  ആരിഫിനെക്കൂടാതെ ഇടതിനെ തുണച്ചത് തമിഴ്‌നാട്ടിലെ നാലുമണ്ഡലങ്ങള്‍ – UKMALAYALEE

കാലിടറി ആം ആദ്മി പാര്‍ട്ടി:  ആരിഫിനെക്കൂടാതെ ഇടതിനെ തുണച്ചത് തമിഴ്‌നാട്ടിലെ നാലുമണ്ഡലങ്ങള്‍

Saturday 25 May 2019 1:01 AM UTC

ന്യൂഡല്‍ഹി May 25: ബംഗാളിലേയും ത്രിപുരയിലേയും ചുവപ്പ് മാഞ്ഞതോടെ സി.പി.എമ്മിനു മാത്രമല്ല രാജ്യത്തെ ഇടതുപക്ഷത്തിനാകെ പ്രതീക്ഷ കേരളമായിരുന്നു. എന്നാല്‍ കേരളത്തിലും കടപുഴകിയതോടെ രാജ്യത്തെ ഇടതുസാന്നിധ്യം തന്നെ ചോദ്യചിഹ്നമായി.

കേരളത്തില്‍ ഒറ്റ സീറ്റില്‍ ജയിച്ചപ്പോള്‍ ബംഗാളിലും ത്രിപുരയിലും മത്സരിച്ച എല്ലാ സീറ്റും തോറ്റു. തമിഴ്‌നാട്ടില്‍ നാല് സീറ്റ് അപ്രതീക്ഷിത നേട്ടമായി. സി.പി.എം -മൂന്ന്. സി.പി.ഐ. -രണ്ട്. ഇടതിന് ആകെ അഞ്ച്.

ബംഗാളില്‍നിന്ന് ഇടത് എം.പിമാരില്ലാത്ത ആദ്യലോക്‌സഭ കൂടിയാകും ഇക്കുറി എന്ന ചരിത്രവും ബാക്കി. ആലപ്പുഴ കൂടാതെ സി.പി.എമ്മിനെ തമിഴ്‌നാട്ടിലെ മധുെരെ, കോയമ്പത്തൂര്‍ മണ്ഡലങ്ങളാണ് സി.പി.എമ്മിനെ തുണച്ചത്.

കേരളത്തില്‍ ഒറ്റസീറ്റ് പോലും കിട്ടാതിരുന്ന സി.പി.ഐക്കും തുണയായത് തമിഴ്‌നാട് തന്നെ. തമിഴ്‌നാട്ടിലെ ഡി.എം.കെ. സഖ്യത്തിന് നന്ദി പറയാം. അല്ലെങ്കില്‍ ഒരാള്‍ മാത്രമാകുമായിരുന്നു വരുന്ന ലോക്‌സഭയില്‍ ഇടതിന്റെ പ്രതീകം.

ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായ പോരാട്ടം വാര്‍ത്തകളില്‍ സൃഷ്ടിച്ച ജെ.എന്‍.യു. നേതാവ് കനയ്യകുമാറും ദയനീയ തോല്‍വി ഏറ്റുവാങ്ങി.

ഇതോടെ ബദല്‍സര്‍ക്കാര്‍ അവകാശവുമായി തെരഞ്ഞെടുപ്പിനു നാളുകള്‍ക്കുമുമ്പേ കോപ്പുകൂട്ടിയ സി.പി.എമ്മും സി.പി.ഐയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ സമീപകാലദുരന്തങ്ങളായി. കാലാവധി അവസാനിച്ച ലോക്‌സഭയില്‍ സി.പി.എമ്മിനും സി.പി.ഐയക്കും കൂടി 10 അംഗങ്ങളാണുണ്ടായിരുന്നത്.

മറ്റു രണ്ടുപേര്‍ ഇടതുസ്വതന്ത്രരാണ്. കേരളത്തില്‍നിന്നുള്ള അഞ്ചുപേര്‍ക്കു പുറമേ പശ്ചിമബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും രണ്ടുപേര്‍ വീതമുണ്ടായിരുന്നു സി.പി.എം. അംഗങ്ങള്‍.

സി.പി.ഐയുടെ ഏക അംഗം തൃശൂരില്‍നിന്നുള്ള സി.എന്‍. ജയദേവനായിരുന്നു. കേരളത്തിലെ പതിനാറും ബംഗാളിലെ മുപ്പത്തിയൊന്നും ഉള്‍പ്പെടെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സി.പി.എം. ഇക്കുറി മത്സരിച്ചത്.

ബംഗാളിലെ മൂര്‍ഷിദാബാദും റായ്ഗഞ്ചുമായിരുന്നു കഴിഞ്ഞതവണ സി.പി.എമ്മിനെ തുണച്ചത്. ഇക്കുറി മൂര്‍ഷിദാബാദില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.പി. ബദര്‍ദൂദ ഖാന്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമതായപ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത് ത്രിണമുല്‍ കോണ്‍ഗ്രസിന്റെ അബൂ താഹേര്‍ ഖാനാണ്.

റായ്ഗഞ്ചിലും സിറ്റിങ് എം.പി. എം.ഡി. സലീം മൂന്നാമതായപ്പോള്‍ ബി.ജെ.പിയുടെ ദേബശ്രീ ചൗധരിയാണ് വിജയിച്ചത്. ഇവിടെ ത്രീണമൂലിന്റെ അഗര്‍വാള്‍ കനയ്യലാലാണ് സലീമിനേക്കാള്‍ രണ്ടുലക്ഷത്തിലേറെ വോട്ടുനേടി രണ്ടാമതെത്തിയത്.

ത്രിപുരയിലെ രണ്ടുമണ്ഡലങ്ങളായ ത്രിപുര ഈസ്റ്റിലും ത്രിപുര വെസ്റ്റിലും കഴിഞ്ഞകുറി സി.പി.എമ്മായിരുന്നു. ഇക്കുറി രണ്ടിടത്തും ബി.ജെ.പി. ജയം പിടിച്ചുവാങ്ങി. സി.പി.എം. രണ്ടുസീറ്റിലും മൂന്നാമതാണ്. കോണ്‍ഗ്രസാണ് രണ്ടാമത്.

നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ ത്രിപുരപതനം പൂര്‍ണമെന്നു വ്യക്തം. അതേസമയം സി.പി.എമ്മിന് വലിയ ആശ്വാസമായി തമിഴ്‌നാട്.

മധുെരെ ലോക്‌സഭാമണ്ഡലത്തില്‍നിന്നാണ് ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടി സി.പി.എമ്മിന്റെ എസ്. വെങ്കിടേശ്വരന്‍ ജയിച്ചത്. കോയമ്പത്തൂരില്‍നിന്ന് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ പി.ആര്‍. നടരാജനും അഭിമാനാര്‍ഹമായ ജയം െകെവരിച്ചതോടെ സി.പി.എമ്മിന്റെ ആകെ നേട്ടം മൂന്നിലെത്തി.

ദേശീയശ്രദ്ധ ഉയര്‍ത്തി സി.പി.ഐക്കുവേണ്ടി ബിഹാറിലെ ബഗുസാരയില്‍ മത്സരിച്ച സി.പി.ഐയുടെ പുതിയ നക്ഷത്രം കനയ്യകുമാര്‍ വാര്‍ത്താതാരമായെങ്കിലും കനത്തതോല്‍വിയാണ് നേരിട്ടത്.

രണ്ടാംസ്ഥാനം കനയ്യകുമാറിന് ലഭിച്ചെങ്കിലും ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് 3.45 ലക്ഷത്തിലേറെ ലീഡ് നേടി. അതേസമയം തമിഴ്‌നാട്ടിലെ നാഗപട്ടണം മണ്ഡലത്തില്‍ സി.പി.ഐയുടെ ആര്‍. സെല്‍വരാജ് ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

തിരുപ്പൂര്‍ മണ്ഡലത്തില്‍ സി.പി.ഐയുടെ കെ. സുബ്ബരായന്‍ 90000 വോട്ടുകള്‍ക്കാണ് അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയെ കീഴടക്കിയത്. ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവം വേണമോയെന്ന സി.പി.എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ് തര്‍ക്കം മുതല്‍ വിശാല മതനിരപേക്ഷ മുന്നണിക്കായുള്ള ഇടതുനെട്ടോട്ടങ്ങള്‍ വരെയാണ് മോദി സുനാമിയില്‍ രാഷ്ട്രീയതോല്‍വിയായത്.

ഈ തെരഞ്ഞെടുപ്പ് ഇരു ഇടതുപാര്‍ട്ടികള്‍ക്കും മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യം ഇനിയുള്ള ദേശീയരാഷ്ട്രീയത്തിലെ പ്രസക്തി തന്നെയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നൂതന പരീക്ഷണമായി വളര്‍ന്നു രാജ്യതലസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി(എ.എ.പി)യ്ക്ക് ഇത്തവണ അടിപതറി. വളര്‍ത്തില്ലവും പോറ്റില്ലവുമായ ഡല്‍ഹിയില്‍ എ.എ.പി സംപൂജ്യരായി.

പഞ്ചാബിലെ സംഗ്രൂരില്‍ തുടര്‍ വിജയം നേടിയ ഭഗ്‌വന്ത് മാന്‍ മാത്രമാകും പതിനേഴാം ലോക്‌സഭയിലെ എ.എ.പിയുടെ ഏക അംഗം. പഞ്ചാബിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയായ ഭഗ്‌വന്ത് മാന്‍ ജയിച്ചതാകട്ടെ സ്വന്തം വ്യക്തിപ്രഭാവത്തിലും.

ഡല്‍ഹിയിലെ ആകെയുള്ള ഏഴു സീറ്റും ബി.ജെ.പി തൂത്തുവാരിയതോടെയാണ് എ.എ.പിയുടെ പതനം പൂര്‍ണമായത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പുകളില്‍ മൂന്നു മുന്‍സിപ്പാലിറ്റികളും ബി.ജെ.പി തൂത്തുവാരിയിരുന്നു.

ഇതിനൊപ്പം ലോക്‌സഭയിലേക്കും മോഡി തരംഗത്തില്‍ ബി.ജെ.പി വിജയക്കുതിപ്പു തുടര്‍ന്നതോടെ എ.എ.പിയുടെ അടിത്തറയിളകി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എ.എ.പിയ്ക്ക് കനത്ത വെല്ലുവിളിയാകും.

ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി െകെകോര്‍ക്കാനുള്ള തീവ്രശ്രമം എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും പി.സി.സി. അധ്യക്ഷ ഷീലാ ദീക്ഷിത് മുഖംതിരിച്ചതോടെ വിജയിച്ചില്ല.

തനിച്ചു മത്സരിച്ച കോണ്‍ഗ്രസും ഡല്‍ഹിയില്‍ നിലംതൊട്ടില്ല. പ്രചാരണത്തിനിടെ തനിക്ക് നേരെ ആക്രമംനടത്തിയ യുവാവ് ബി.ജെ.പിക്കാരനാണെന്ന് ആരോപിച്ചും കെജ്‌രിവാള്‍ രംഗത്ത്‌വന്നിരുന്നു.

മുമ്പത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെന്നപോലെ താന്‍ വധിക്കപ്പെടുമെന്ന ആശങ്ക അറിയിച്ചും കെജ്‌രിവാള്‍ അടുത്തിടെ രംഗത്തെത്തി. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചും പ്രതിഷേധിച്ചും പ്രതിപക്ഷത്തിന്റെ റോളില്‍ മാത്രം ഒതുങ്ങിയതാണ് എ.എ.പിയ്ക്കു വിനയായത്.

CLICK TO FOLLOW UKMALAYALEE.COM