കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ – UKMALAYALEE

കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Friday 31 August 2018 3:02 AM UTC

തിരുവനന്തപുരം Aug 31: കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ പ്രവചനത്തിലെ ന്യൂനത കാരണം ഗണ്യമായ പിശക് സംഭവിച്ചു.

ശക്തമായ മഴ 7-11 സെന്റിമീറ്റര്‍ വരെയാണ്. അതിശക്തമായ മഴ 12-20 സെന്റി മീറ്ററും അതിതീവ്ര മഴ 20 സെന്റി മീറ്ററില്‍ അധികവുമാണ്.

എന്നാല്‍ അതി തീവ്രമഴ എന്ന പ്രവചനം ഓഗസ്റ്റില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി.

ഓഗസ്റ്റ് ഒന്നു മുതല്‍ എട്ട് വരെ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനമാണ് ഉണ്ടായിരുന്നത്. ഒന്‍പത് മുതല്‍ 15 വരെ അതിശക്തമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ടായിരുന്നു.

എന്നാല്‍ 35.22 സെന്റിമീറ്റര്‍ മഴ പെയ്തു. അതായത് അതിശക്തമായ മഴയെന്ന പ്രവചനത്തിന്റെ സ്ഥാനത്ത് അതിതീവ്ര മഴയാണ് ലഭിച്ചത്.

ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച വിവാദത്തിനും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 2378 അടി എത്തുമ്പോഴാണ് ഡാം തുറക്കാവുന്ന കുറഞ്ഞ ഉയരം.

ഈ ഉയരത്തില്‍ വെള്ളം എത്തിയത് ജൂലൈ 17നാണ്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് എട്ട് വരെ 15 ശതമാനം അധികമഴ ലഭിച്ചു. എന്നാല്‍ അസാധാരണ സാഹചര്യം ഇല്ലായിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ എട്ടുവരെ സാധാരണ കിട്ടുന്ന മഴയേക്കാള്‍ 38 ശതമാനം കുറവായിരുന്നു.

പിന്നീട് അപ്രതീക്ഷിതമായി മഴ ശക്തമായി. ഓഗസ്റ്റ് 16 വരെ മഴയില്‍ 362 ശതമാനം വര്‍ധനവുണ്ടായി. ഇടുക്കിയില്‍ മാത്രം 568 ശതമാനം അധിക മഴ ലഭിച്ചു. എന്നാല്‍ അപ്പോഴൊന്നും കാലാവസ്ഥാ പ്രചവനത്തില്‍ അതിതീവ്ര മഴ ഉണ്ടായിരുന്നില്ല.

ഓഗസ്റ്റ് ഒന്നിന് 2395.8 അടിയായി ഉയര്‍ന്ന ജലനിരപ്പ് ഓഗസ്റ്റ് നാലിന് 2396.34 അടിയായി. പിന്നീട് ജലനിരപ്പ് കുറഞ്ഞു. ഓഗസ്റ്റ് 8ന് ജലനിരപ്പ് വര്‍ധിച്ചു. ഓഗസ്റ്റ് 9ന് രണ്ടടി കൂടി വര്‍ധിച്ച് 2398.4 അടിയായി.

ഇങ്ങനെയാണ് അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

CLICK TO FOLLOW UKMALAYALEE.COM