കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റുമെന്ന് പ്രഖ്യാപനം – UKMALAYALEE

കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റുമെന്ന് പ്രഖ്യാപനം

Wednesday 29 July 2020 1:34 AM UTC

തിരുവനന്തപുരം July 29: കെ.എസ്.ആര്‍.ടി.സി. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സേഫ് ടു ഈറ്റ് പദ്ധതി കോര്‍പ്പറേഷന് ബാധ്യതയാകുന്നു. വിശ്രമമുറിയും ഭക്ഷണകൗണ്ടറുമാക്കാന്‍ വേണ്ടി പെര്‍മിറ്റും കാലാവധിയുമുള്ള ബസുകള്‍ പൊളിക്കാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കോര്‍പറേഷന് ഇരട്ടിപ്രഹരമാകും.

കോവിഡിന്റെ മറവില്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന പദ്ധതിയാണിതെന്ന പരാതിയുമായി ജീവനക്കാര്‍തന്നെ രംഗത്തെത്തി. കാലഹരണപ്പെട്ട ബസുകളാണ് വിശ്രമ മുറിയായും ഭക്ഷണ കൗണ്ടറായും ഉപയോഗിക്കുക എന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

എന്നാല്‍, സംസ്ഥാനത്തെ പല ഡിപ്പോകളില്‍നിന്നും ഇനിയും നാലും അഞ്ചും വര്‍ഷംകൂടി ഓടിക്കാന്‍ പെര്‍മിറ്റുള്ള ബസുകളാണ് രൂപമാറ്റംവരുത്താന്‍ തെരഞ്ഞെടുത്തത്. വിശ്രമ സൗകര്യം ഒരുക്കാനും കാന്റീന്‍ ആയി പ്രവര്‍ത്തിക്കുന്നതിനും പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍ തുടങ്ങിയ റീജണല്‍ വര്‍ക്ക്‌ഷോപ്പുകളിലേക്കാണ് ഈ ബസുകള്‍ മാറ്റിയത്.

കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റുമെന്ന പുതിയ എം.ഡിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോവിഡ് ലോക്ക്ഡൗണിനു തൊട്ടുമുമ്പ് വരെ സര്‍വീസ് നടത്തിയിരുന്ന നീളംകൂടിയ ബസുകള്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്ന് വര്‍ക്ക്‌ഷോപ്പുകളിലേക്കു മാറ്റിക്കൊണ്ടിരിക്കുന്നത്.

പ്രതിവര്‍ഷം ആയിരം പുതിയ ബസുകള്‍ വാങ്ങുമെന്നായിരുന്നു എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള വാഗ്ദാനം. എന്നാല്‍, ഇതേവരെ 110 ബസുകള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ വാങ്ങിയത്. സര്‍വീസ് നടത്തുന്ന പല ബസുകളും കാലപ്പഴക്കം ചെന്നവയാണ്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബസുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയതിനെത്തുടര്‍ന്നാണ് അത്യാവശ്യ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. ലോക്ക്ഡൗണിനു മുമ്പുതന്നെ 4600 സര്‍വീസിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം താഴ്ന്നിരുന്നു.

കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 5300 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. കാലാവധി കഴിയാത്ത ബസുകള്‍ സ്‌ക്രാപ്പ് ആക്കി മാറ്റുന്നതിലൂടെ ബസുകളുടെ എണ്ണം വീണ്ടും കുറയും.

കോവിഡിനുശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ യാത്രാ ക്‌ളേശം രൂക്ഷമാക്കാന്‍ ഇത് ഇടയാക്കും. സാധാരണ ബസുകളുടെ നീളം 9.30, 10 മീറ്ററുകളാണ്. 12 മീറ്റര്‍ നീളമുള്ള ബസുകള്‍ ചില ഡിപ്പോകളില്‍ ഓടുന്നുണ്ട്. ഈ ബസുകളാണ് കൂട്ടത്തോടെ കടകളാക്കി മാറ്റാന്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക് മാറ്റുന്നത്.

സര്‍വീസ് യോഗ്യമായ ബസുകള്‍ യാത്രാ ആവശ്യത്തിന് ഉപയോഗിക്കാതെ കടകളാക്കുന്നതില്‍ യൂണിയനുകളും കെ.എസ്.ആര്‍.ടി.സി. ഫാന്‍സും പല ഡിപ്പോകളിലും രംഗത്തുവന്നിരുന്നു. സര്‍വീസ് യോഗ്യമായ ബസുകള്‍ എന്തിനാണ് കടകള്‍ ആക്കുന്നതെന്നതിന് മാനേജ്‌മെന്റിനു മറുപടിയില്ല.

പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. വര്‍ക്കിങ് കണ്ടീഷന്‍ ആയ ബസുകള്‍ പൊളിക്കാന്‍ ഗതാഗത കമ്മിഷണറുടെ അനുവാദം വേണമെന്നിരിക്കെയാണ് കോര്‍പറേഷന്റെ തലതിരിഞ്ഞ നടപടി.

കാലാവധി കഴിഞ്ഞ ഗതാഗത യോഗ്യമല്ലാത്ത ബസുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് പറ്റില്ലെന്നാണ് യൂണിയന്‍ നേതാക്കളുടെയും പ്രതികരണം. നിരത്തില്‍ ഇറക്കാനാകാത്ത കുറഞ്ഞ കാലാവധിയുള്ള ബസുകള്‍ അനക്കാന്‍ കൂടി പറ്റില്ല.

അവ ആക്രിക്ക് തൂക്കി വില്‍ക്കാനേ കഴിയു. പച്ചക്കറി കടയ്‌ക്കോ ഹോട്ടല്‍ തുടങ്ങാനോ വേണ്ടത് ഗതാഗത യോഗ്യമായവ ആയിരിക്കണം.

12 മീറ്റര്‍ നീളം വരുന്ന പുതിയ ബസുകള്‍ ഓടിക്കാനും മറ്റും ഡ്രൈവര്‍മാര്‍ക്ക് പാടാണ്. ഗീയര്‍ മാറ്റാനും ആക്‌സിലേറ്റര്‍ കൊടുക്കാനുമെല്ലാം പ്രയാസമാണ്. ഇക്കാര്യം യൂണിയന്‍കാര്‍ക്ക് അറിയേണ്ട കാര്യമില്ല. അവര്‍ക്ക് നഷ്ടം വന്നാലും വിഷയമല്ല. എങ്ങിനെയേലും ഇത് പോയാല്‍ മതിയെന്നേയുള്ളൂ.

CLICK TO FOLLOW UKMALAYALEE.COM