കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ഐ.എസില്‍ ചേര്‍ന്ന മലയാളിയെന്ന് റിപ്പോര്‍ട്ട് – UKMALAYALEE

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ഐ.എസില്‍ ചേര്‍ന്ന മലയാളിയെന്ന് റിപ്പോര്‍ട്ട്

Saturday 28 March 2020 1:40 AM UTC

കാബൂള്‍ March 28: കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയ ചാവേര്‍ മലയാളിയെന്ന് സൂചന. ആക്രമണം നടത്തിയ മൂന്ന് ചാവേറുകളില്‍ ഒരാളായ അബു ഖാലിദ് അല്‍ ഹിന്ദി മലയാളിയാണെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന മുഹ്സിന്‍ എന്നയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. അബു ഖാലിദ് അല്‍ ഹിന്ദിയെന്ന് ഐ.എസ് നല്‍കിയ പേരാണെന്നും അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഹ്സിന്‍ അടക്കമുള്ളവര്‍ 2015ലാണ് കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയത്. ഐ.എസ് അവരുടെ പ്രചരണത്തിനായി പുറത്തിറക്കിയ അല്‍ നബ എന്ന മാസികയില്‍ ഈ മാസം 26ന് പുറത്തിറങ്ങിയ ലക്കത്തില്‍ തോക്കുമായി ഇരിക്കുന്ന മുഹ്സിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം മുഹ്സിന്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്ന വിവരം.

കാസര്‍ഗോഡ് സ്വദേശിയായ മുഹ്സിന്‍ എന്ന 21 വയസുകാരന്‍ തൃക്കരിപ്പൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. അബു ഖാലിദ് അല്‍ ഹിന്ദി ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ഐ.എസില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചാവോറായിരിക്കും ഇയാള്‍.

ദുബായ് വഴിയാണ് മുഹ്സിന്‍ ഐ.എസിന്റെ അഫ്ഗാന്‍ ക്യാംപില്‍ എത്തിയത്. ദുബായില്‍ ഐ.എസുമായി ബന്ധപ്പെട്ട ടെലിഗ്രാം ഗ്രൂപ്പിലും ഇയാള്‍ സജീവമായിരുന്നു. കോഴിക്കോട് സ്വദേശിയും എന്‍.ഐ.ടി ജീവനക്കാരനുമായിരുന്ന ഷജീര്‍ മംഗലശേരിയും അഫ്ഗാനിലേക്ക് കടന്നിരുന്നു. ഇയാള്‍ 2017 ജൂണില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2015-16 കാലയളവില്‍ 98 മലയാളികള്‍ കുടുംബാംഗങ്ങളുമായി ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന വിവരം.

ഇതില്‍ 30 പേര്‍ കേരളത്തില്‍ നിന്ന് നേരിട്ടും 70 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലപ്പോഴായി നടന്ന വ്യോമാക്രമണങ്ങളില്‍ ഇവരില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM