കശ്മീരില്‍ പാക് ബന്ധമുള്ളവരുടെ സുരക്ഷ പിന്‍വലിക്കുമെന്ന് രാജ്‌നാഥ് സിംഗ് – UKMALAYALEE

കശ്മീരില്‍ പാക് ബന്ധമുള്ളവരുടെ സുരക്ഷ പിന്‍വലിക്കുമെന്ന് രാജ്‌നാഥ് സിംഗ്

Saturday 16 February 2019 1:52 AM UTC

ശ്രീനഗര്‍ Feb 16: കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കശ്മീരില്‍ പാക്കിസ്ഥാനുമായി ബന്ധമുള്ളവരുടെ സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

കശ്മീരില്‍ ചിലര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ക്ക് ഐ.എസ്.ഐയ്ക്ക് പുറമെ ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

കശ്മീരിലെ ഹുറിയത്ത് കോണ്‍ഫറണ്‍സ്, വിഘടനവാദി നേതാക്കളെ ഉദ്ദേശിച്ചായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. പാക് ബന്ധമുള്ളമുള്ളവരുടെ സുരക്ഷ പുനപരിശോധിക്കുന്ന കാര്യം അടിയന്തരമായി പരിഗണക്കണമെന്ന് സംസ്ഥാന ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ എത്തിയ രാജ്‌നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

40 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സൈനിക വാഹനവ്യൂഹം നീങ്ങുന്ന സമയത്ത് പൊതുജനങ്ങളുടെ വാഹനങ്ങള്‍ നിരത്തില്‍ അനുവദിക്കില്ല.

ഈ നിയന്ത്രണം പൊതുജനങ്ങള്‍ക്ക് അസൗകര്യമാണെങ്കിലും ജവാന്‍മാരുടെ സുരക്ഷയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

സാമുദായിക സൗഹാര്‍ദം തകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 78 വാഹനങ്ങളുടെ വ്യൂഹത്തില്‍ 2500 സി.ആര്‍.പി.എഫ് ജവാന്‍മാരുണ്ടായിരുന്നു.

ജമ്മുവില്‍ ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹന വ്യൂഹത്തിന് നേരെ നൂറു കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെടുന്നു.

CLICK TO FOLLOW UKMALAYALEE.COM