‘കള്ളവോട്ട്‌ തന്നെ’ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന്‌ കലക്‌ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്‌ – UKMALAYALEE
foto

‘കള്ളവോട്ട്‌ തന്നെ’ ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന്‌ കലക്‌ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്‌

Monday 29 April 2019 12:03 AM UTC

കണ്ണൂര്‍ April 27: കല്യാശേരി പിലാത്തറ സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട്‌ നടന്നെന്നാരോപിച്ച്‌ കോണ്‍ഗ്രസ്‌ പുറത്തുവിട്ട വെബ്‌ ക്യാം ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദലി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.

കള്ളവോട്ട്‌ നടന്നെന്ന്‌ ആരോപിക്കപ്പെട്ട ബൂത്തുകളിലെ പ്രിസൈഡിങ്‌ ഓഫീസര്‍, പോളിങ്‌ ഓഫീസര്‍, വെബ്‌ ക്യാം ഓപ്പറേറ്റര്‍ എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വെബ്‌ ക്യാം ഓപ്പറേറ്ററുടെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണു കലക്‌ടറുടെ റിപ്പോര്‍ട്ട്‌.

ഓപ്പണ്‍ വോട്ടാണു ചെയ്‌തതെന്ന അവകാശവാദം ഉയര്‍ന്ന സാഹചര്യത്തില്‍, അതു സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കപ്പെട്ടിരുന്നോ എന്നതടക്കം പരിശോധിച്ച്‌ പിന്നീടു വിശദമായ റിപ്പോര്‍ട്ട്‌ നല്‍കും.

കാസര്‍ഗോഡ്‌ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണു കണ്ണൂര്‍ കല്യാശേരി നിയമസഭാ മണ്ഡലം. പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലേതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ്‌ കണ്ണൂര്‍, കാസര്‍ഗോഡ്‌ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട്‌ നടന്നെന്നു കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്‌.

പഞ്ചായത്തംഗവും മുന്‍ പഞ്ചായത്തംഗവും രണ്ടാമതും വോട്ട്‌ ചെയ്‌തതു സ്‌ഥലത്തുണ്ടായിരുന്ന വോട്ടര്‍ക്കു വേണ്ടിയുള്ള ഓപ്പണ്‍ വോട്ടാണെന്നാണു സി.പി.എമ്മിന്റെ അവകാശവാദം.

വിശ്വസനീയമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സി.പി.എം. ഇപ്പോഴും പ്രതിക്കൂട്ടിലാണ്‌. റീ പോളിങ്‌ വേണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ ശക്‌തമാക്കുകയും ചെയ്‌തു.

ഈ സ്‌കൂളിലെ 17, 18 ബൂത്തുകളിലും കള്ളവോട്ട്‌ നടന്നെന്നാണ്‌ 17-ാം ബൂത്തില്‍ യു.ഡി.എഫിന്റെ പോളിങ്‌ ഏജന്റായിരുന്ന യു. രാമചന്ദ്രന്റെ വാദം. യു.ഡി.എഫിന്റെ പോളിങ്‌ ഏജന്റുമാരെ എല്‍.ഡി.എഫ്‌. പ്രവത്തകര്‍ ബലം പ്രയോഗിച്ചു പുറത്താക്കി.

പ്രിസൈഡിങ്‌ ഓഫീസറോടും പോലീസിനോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തങ്ങളുടെ പക്കലുണ്ടായിരുന്ന വോട്ടര്‍ പട്ടിക പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. വാക്കേറ്റവും കൈയേറ്റവുമായപ്പോള്‍ ഇറങ്ങിപ്പോരുകയായിരുന്നെന്നും രാമചന്ദ്രന്‍ പറഞ്ഞു.

ദേഹോപദ്രവം വരെ നടത്തിയാണ്‌ സി.പി.എം. കള്ളവോട്ട്‌ ചെയ്യുന്നതെന്നാണ്‌ യു.ഡി.എഫിന്റെ ആക്ഷേപം. എതിര്‍പക്ഷത്തിനെതിരേ നായ്‌ക്കുരണപ്പൊടി പോലും പ്രയോഗിക്കുന്നു. ഇതിന്റെ രൂക്ഷത കുറയ്‌ക്കാനായി യു.ഡി.എഫ്‌. ഏജന്റുമാര്‍ അലര്‍ജി ഗുളിക കഴിച്ചാണു ബൂത്തിലെത്തുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM