കള്ളവോട്ടിന്‌ റീ പോളിങ്‌ : പോളിങ്‌ 19-നു രാവിലെ ഏഴു മുതല്‍ – UKMALAYALEE

കള്ളവോട്ടിന്‌ റീ പോളിങ്‌ : പോളിങ്‌ 19-നു രാവിലെ ഏഴു മുതല്‍

Friday 17 May 2019 12:28 AM UTC

തിരുവനന്തപുരം/കണ്ണൂര്‍ May 17 : കള്ളവോട്ട്‌ നടന്നെന്നു കണ്ടെത്തിയ കാസര്‍ഗോഡ്‌ ലോക്‌സഭാ മണ്ഡലത്തിലെ മൂന്നു ബൂത്തിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലും 19-നു വീണ്ടും വോട്ടെടുപ്പ്‌. ജനാധിപത്യത്തിനെതിരായ കുറ്റകൃത്യത്തിന്റെ പേരില്‍ റീ പോളിങ്‌ നടത്തുന്നതു കേരളത്തിന്റെ ചരിത്രത്തിലാദ്യം.

കാസര്‍ഗോഡ്‌ മണ്ഡലത്തിലെ കല്യാശേരി പിലാത്തറ എ.യു.പി. സ്‌കൂളിലെ 13-ാം നമ്പര്‍, പുതിയങ്ങാടി ജുമാ അത്ത്‌ എച്ച്‌.എസ്‌.എസ്‌ നോര്‍ത്ത്‌ ബ്ലോക്കിലെ 69-ാം നമ്പര്‍, സൗത്ത്‌ ബ്ലോക്കിലെ 70-ാം നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂളിലെ 166-ാം നമ്പര്‍ ബൂത്തിലും വീണ്ടും വോട്ടെടുപ്പ്‌ നടത്താനാണു കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീരുമാനം.

രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണു പോളിങ്‌.

ഈ നാലു ബൂത്തുകളിലായി 15 കള്ളവോട്ടുകളാണു തെളിഞ്ഞത്‌. 12 പേര്‍ക്കെതിരേ കേസെടുത്തു. ഇവരില്‍ ഒമ്പതു പേര്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരാണ്‌. കള്ളവോട്ടിനു പിടിക്കപ്പെട്ട സി.പി.എമ്മുകാരില്‍ മൂന്നും സ്‌ത്രീകള്‍.

കണ്ണൂര്‍ മണ്ഡലത്തിലെ ധര്‍മടത്തും കാസര്‍ഗോഡ്‌ മണ്ഡലത്തിലെ തൃക്കരിപ്പുരിലും കള്ളവോട്ട്‌ നടന്നതായി കണ്ടെത്തിയിരുന്നു. ഈ ബൂത്തുകളില്‍ റീ പോളിങ്‌ വേണമെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല.റീ പോളിങ്ങിനു തീരുമാനിച്ച നാലു ബൂത്തിലും ഏപ്രില്‍ 23 നു നടന്ന വോട്ടെടുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ റദ്ദാക്കി.

വരണാധികാരികളുടെയും നിരീക്ഷകരുടെയും മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥന്റെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്‌ത്‌, ജനപ്രാതിനിധ്യ നിയമത്തിലെ 58-ാം വകുപ്പ്‌ പ്രകാരമാണു നടപടി.

വോട്ടെടുപ്പിന്‌ ഒരുക്കങ്ങള്‍ നടത്താനും രാഷ്‌ട്രീയ കക്ഷികളെ വിവരമറിയിക്കാനും വരണാധികാരികള്‍ക്കു നിര്‍ദേശം നല്‍കി. നിരീക്ഷകരെയും തീരുമാനമറിയിക്കും. രാജ്യമാകെ 23-നാണു വോട്ടെണ്ണല്‍.

പിലാത്തറ സ്‌കൂളിലെ 19-ാം ബൂത്തില്‍ സി.പി.എമ്മിന്റെ പഞ്ചായത്തംഗം എന്‍.പി. സലീന, കെ.പി. സുമയ്യ, പത്മിനി എന്നിവര്‍ കള്ളവോട്ട്‌ ചെയ്‌തതാണ്‌ ആദ്യം കണ്ടെത്തിയത്‌. പിന്നാലെ ഉയര്‍ന്ന പരാതികളിലാണു മറ്റു ബൂത്തുകളിലെ കള്ളവോട്ട്‌ തെളിഞ്ഞത്‌.

ആകെ 20 കള്ളവോട്ടുകള്‍ നടന്നതായാണു സ്‌ഥിരീകരിച്ചിട്ടുള്ളത്‌. പ്രിസൈഡിങ്‌ ഓഫീസര്‍മാരടക്കം തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു വീഴ്‌ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ നടപടിയായിട്ടില്ല.

CLICK TO FOLLOW UKMALAYALEE.COM