കളിയിക്കാവിള എ.എസ്‌.ഐയുടെ കൊലപാതകം , പിന്നില്‍ ഭീകരസംഘടന – UKMALAYALEE

കളിയിക്കാവിള എ.എസ്‌.ഐയുടെ കൊലപാതകം , പിന്നില്‍ ഭീകരസംഘടന

Friday 10 January 2020 5:02 AM UTC

തിരുവനന്തപുരം Jan 10 : കളിയിക്കാവിള ചെക്ക്‌പോസ്‌റ്റില്‍ തമിഴ്‌നാട്‌ പോലീസിലെ എ. എസ്‌.ഐ. വില്‍സണെ വെടിവച്ചുകൊന്നതു ഭീകരസംഘത്തില്‍പ്പെട്ടവര്‍. അക്രമികള്‍ രാജ്യാന്തരഭീകരസംഘടനകളുമായി ബന്ധമുള്ളവരാണെന്നതിനു തെളിവുകിട്ടിയെന്നും പോലീസ്‌.

കന്യാകുമാരി സ്വദേശികളായ അബ്‌ദുള്‍ ഷമിം, തൗഫിഖ്‌ എന്നിവരാണു ബുധനാഴ്‌ച രാത്രി പത്തുമണിയോടെ എ.എസ്‌.ഐയെ വെടിവച്ചതെന്നു തിരിച്ചറിഞ്ഞു.

വില്‍സണെ വധിക്കാന്‍ കാരണമെന്തെന്നു വ്യക്‌തമല്ല. വ്യക്‌തിവൈരാഗ്യമല്ലെന്നും ഭീകരരുടെ സാന്നിധ്യം അറിയിക്കാന്‍ വേണ്ടിത്തന്നെയാണെന്നുമാണ്‌ തമിഴ്‌നാട്‌ പോലീസിന്റെ നിഗമനം.

ഹിന്ദുമുന്നണി തിരുവളളൂര്‍ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്‌ മുഹമ്മദ്‌ ഷമീം. തൗഫിഖ്‌ കന്യാകുമാരി ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും.

പതിനഞ്ചംഗസംഘമാണ്‌ കൊലപാതകത്തിനുപിന്നിലെന്നും ഇവര്‍ കേരളത്തിലേക്കു കടന്നെന്നും ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്നു കരുതുന്ന വാഹനത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്‌.

കേരളഭാഗത്തേക്ക്‌ 300 മീറ്ററോളം പ്രതികള്‍ സഞ്ചരിച്ചതായുള്ള ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഇവര്‍ക്കായി സംസ്‌ഥാനത്തും തെരച്ചില്‍ വ്യാപകമാക്കി. ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റ സംസ്‌ഥാനത്തുടനീളം അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.

കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നതായി പ്രത്യേകസംഘം റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. ശബരിമല ക്ഷേത്ത്രിന്റെ സുരക്ഷാസംവിധാനം ദ്രുതകര്‍മസേനയെ ഡി.ജി.പി: ഏല്‍പ്പിച്ചു.

കൊലപാതകവും തീവ്രവാദബന്ധവും കേരള-തമിഴ്‌നാട്‌ പോലീസ്‌ സംയുക്‌തമായി അന്വേഷിക്കും. തമിഴ്‌നാട്‌ ഡി.ജി.പി: ജെ.കെ. തൃപാഠി സംസ്‌ഥാന പോലീസ്‌ മേധാവിയുമായിചര്‍ച്ച നടത്തി. അന്വേഷണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ അനൂപ്‌ കുരുവിള ജോണിനെ അന്വേഷണം ഡി.ജി.പി. ഏല്‍പ്പിച്ചു.

പ്രതികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ ഡി.ജി.പി. പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ ഡി.ജി.പിയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവസ്‌ഥലത്ത്‌ പരിശോധന നടത്തി.

പ്രതികള്‍ക്കു സഹായംനല്‍കിയ പാറശാല പാറശാല പുന്നക്കാട്‌ ഐങ്കമണ്‍ സ്വദേശി സെയ്‌ദലിയെ തമിഴ്‌നാട്‌ പോലീസിന്റെ ക്യൂ ബ്രാഞ്ച്‌ തിരിച്ചറിഞ്ഞു. മാസങ്ങള്‍ക്കുമുമ്പ്‌ തലസ്‌ഥാനത്ത്‌ അട്ടക്കുളങ്ങരയില്‍ തോക്കുമായി എത്തിയ വ്യക്‌തിയാണ്‌ സെയ്‌ദലിയെന്ന്‌ സൂചന.

പ്രതികളുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ചിലരെ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍നിന്നു കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

കഴിഞ്ഞ ഏപ്രിലില്‍ ശ്രീലങ്കയില്‍ മൂന്നുറിലേറെപ്പേര്‍ മരിച്ച ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഫിഖ്‌ ജമാഅത്തിന്റെ തമിഴ്‌വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ (ഐ.എന്‍.എല്‍) എന്ന പുതിയ തീവ്രവാദ സംഘടനയുടെ കില്ലര്‍ സ്‌ക്വാഡാണ്‌ സംഭവത്തിനുപിന്നിലെന്നു സൂചനയുണ്ട്‌.

തമിഴ്‌നാട്ടില്‍മുമ്പ്‌ സജീവമായിരുന്ന അല്‍ ഉമ്മയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്‌ ഇവരെന്നും തിരുനെല്‍വേലി ബസ്‌ കത്തിക്കല്‍ കേസില്‍ പ്രതികളാണു ഇവരില്‍ പലരുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

എന്നാല്‍ ഇവര്‍ മതമൗലികവാദികളാണെന്നും സംഘടനയ്‌ക്കു കൃത്യമായ പേരൊന്നും ഇല്ലെന്നും ചില ഉന്നത ഉദ്യോഗസ്‌ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

രണ്ടാഴ്‌ചമുമ്പ്‌ കര്‍ണാടകത്തില്‍നിന്നു നാല്‌ ഐ.എന്‍.എല്‍. തീവ്രവാദികളെ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഈ അറസ്‌റ്റിന്റെ പ്രതികാരമാണ്‌ കൊലപാതകമെന്നാണ്‌ തമിഴ്‌നാട്‌ പോലീസിന്റെ വിലയിരുത്തല്‍.

ദിവസങ്ങള്‍ക്കുമുമ്പ്‌ തൗഫീക്ക്‌, സമീം എന്നിവരുള്‍പ്പെടെ ആറു യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട്‌ തമിഴ്‌നാട്‌ രഹസ്യാന്വേഷണവിഭാഗം ഡി.ജി.പിക്ക്‌ കൈമാറിയിരുന്നു.

തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന്‌ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
വിരമിക്കാന്‍ നാലുമാസംമാത്രം ബാക്കിനില്‍ക്കേയാണ്‌ എസ്‌.ഐ. വില്‍സന്റെ ദാരുണാന്ത്യം.

മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷം സ്വദേശമായ മാര്‍ത്താണ്ഡത്തു സംസ്‌കരിച്ചു.

CLICK TO FOLLOW UKMALAYALEE.COM