കല്ലമ്പലത്തെ ദുരൂഹ മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകം; ഒന്ന്‌ ആത്മഹത്യ – UKMALAYALEE

കല്ലമ്പലത്തെ ദുരൂഹ മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകം; ഒന്ന്‌ ആത്മഹത്യ

Wednesday 2 February 2022 8:51 PM UTC

തിരുവനന്തപുരം Feb 2: കല്ലമ്പലം സ്വദേശിയായ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്‌ഥന്‍ അജികുമാറിന്റെ മരണം കൊലപാതകമെന്നു പോലീസ്‌ം. അജികുമാറിന്റെ മരണത്തിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ടു സുഹൃത്തുക്കളാണ്‌ അജികുമാറിനെ കൊലപ്പെടുത്തിയതെന്നും പോലീസ്‌ വെളിപ്പെടുത്തി.

മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെ സംഘത്തിലുണ്ടായിരുന്ന അജിത്തിനെ സജീവ്‌ എന്നയാള്‍ പിക്കപ്പ്‌ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തി. മറ്റൊരു സുഹൃത്ത്‌ ബിനുരാജ്‌ ഇന്നലെ ബസിടിച്ചു മരിച്ചു.
ഇത്‌ ആത്മഹത്യയാണെന്നാണു പോലീസ്‌ കരുതുന്നത്‌.

അറസ്‌റ്റിലായ സജീവില്‍നിന്നാണ്‌ പോലീസിനു കൊലപാതകത്തിന്റെ വിവരങ്ങള്‍ കിട്ടിയത്‌.തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ ആലപ്പുഴ പി.ഡബ്ല്യുഡിയില്‍ ഹെഡ്‌ ക്ലര്‍ക്കായ കല്ലമ്പലം മുള്ളറംകോട്‌ കാവുവിള ലീലാ കോട്ടജില്‍ അജികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

പത്രമിടാനെത്തിയ ആളാണു വീടിന്റെ സിറ്റൗട്ടില്‍ മൃതദേഹം കിടക്കുന്നതു കണ്ടത്‌. ദേഹത്തു മുറിവേറ്റിരുന്നു. മുറിക്കുള്ളില്‍ രക്‌തം തളംകെട്ടിക്കിടന്നിരുന്നു. വിവാഹമോചിതനായ അജി തനിച്ചായിരുന്നു താമസം. ആലപ്പുഴയില്‍നിന്നു വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ വീട്ടിലെത്തിയ അജി സുഹൃത്തുക്കളുമായി വീട്ടിലിരുന്ന്‌ മദ്യപിച്ചിരുന്നെന്ന്‌ അയല്‍ക്കാര്‍ മൊഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം.

അജികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ സുഹൃത്തായ അജിത്ത്‌ വാഹനമിടിച്ച്‌ കൊല്ലപ്പെട്ടത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.

സുഹൃത്തായ സജീവ്‌ അജിത്തിനെ പിക്കപ്പ്‌ വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മറ്റൊരു സുഹൃത്തായ ബിനു പ്രമോദിനു പരുക്കേറ്റിരുന്നു. ബിനു പ്രമോദിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനവുമായി സജീവ്‌ കല്ലമ്പലം സ്‌റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ്‌ അജിത്തിന്റെ കൊലപാതക വിവരങ്ങള്‍ പുറത്തായത്‌.

ഇതിനിടെ ബിനുരാജ്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഇടിച്ചു മരിക്കുകയായിരുന്നു. ഇയാള്‍ ബസിനു മുമ്പിലേക്ക്‌ ചാടുകയായിരുന്നുവെന്ന്‌ പോലീസിനു സൂചന ലഭിച്ചു.

അജികുമാറിനെ കൊല്ലുമെന്ന്‌ ബിനുരാജ്‌ പലരോടും പറഞ്ഞിരുന്നു. മദ്യപസംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു. പത്തു പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.തിരുവനന്തപുരം റൂറല്‍ എസ്‌.പി. ഡോ. ദിവ്യാ ഗോപിനാഥ്‌ കേസ്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു.

CLICK TO FOLLOW UKMALAYALEE.COM