കല്ലട ബസ്‌ ജീവനക്കാരുടെ അതിക്രമം; കൂടുതല്‍ തെളിവുകള്‍ പുറത്ത്‌ (VIDEO) – UKMALAYALEE

കല്ലട ബസ്‌ ജീവനക്കാരുടെ അതിക്രമം; കൂടുതല്‍ തെളിവുകള്‍ പുറത്ത്‌ (VIDEO)

Friday 26 April 2019 12:24 AM UTC

കൊച്ചി April 26: സുരേഷ്‌ കല്ലട ബസ്‌ ജീവനക്കാര്‍ യാത്രക്കാര്‍ക്കുനേരേ നടത്തിയ അതിക്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാര്‍ വൈറ്റില ജങ്‌ഷനു സമീപം നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്‌.

കേണപേക്ഷിച്ചിട്ടും ജീവനക്കാര്‍ ഇവരെ വെറുതെ വിട്ടില്ല. തിരുവനന്തപുരത്തുനിന്നു ബംഗളൂരൂവിലേക്കു പുറപ്പെട്ട ബസ്‌ അര്‍ധരാത്രി ഹരിപ്പാട്‌ വച്ച്‌ കേടായപ്പോള്‍ പകരം ബസ്‌ ആവശ്യപ്പെട്ട യാത്രക്കാര്‍ക്കു നേരേയായിരുന്നു ജീവനക്കാരുടെ കൈയേറ്റം.

പുലര്‍ച്ചെ നാലേകാലോടെ എം. സച്ചിന്‍, മുഹമ്മദ്‌ അഷ്‌കര്‍ എന്നീ യുവാക്കളെ വൈറ്റില വച്ചു ബസില്‍നിന്നു വലിച്ചുപുറത്തിറക്കി മുക്കാല്‍ മണിക്കൂറോളം ബസ്‌ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്നു തല്ലിച്ചതയ്‌ക്കുകയായിരുന്നു.

സുരേഷ്‌ കല്ലട ഓഫീസ്‌ മുതല്‍ വൈറ്റില ജങ്‌ഷന്‍ വരെയുള്ള അരകിലോമീറ്ററോളം പിന്തുടര്‍ന്നു മര്‍ദിച്ചു. രക്ഷപെടാന്‍ രണ്ടുപേരും വഴിപിരിഞ്ഞോടിയെങ്കിലും വഴിയില്‍ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു. തറയില്‍ കുത്തിയിരുന്നു പലവട്ടം സച്ചിന്‍ കൈകൂപ്പുന്നതു വീഡിയോയില്‍ ദൃശ്യമാണ്‌.

അക്രമിസംഘം നിലത്തിട്ടു ചവിട്ടുന്നതോടെ തലയിടിച്ചു സച്ചിന്‍ പിന്നിലേക്കു മറിഞ്ഞു. ഈ സമയം ബിയര്‍ കുപ്പിയും കൈയില്‍ തൂക്കിപ്പിടിച്ചു മറ്റൊരാള്‍ സമീപത്തുണ്ട്‌. അഞ്ചു മിനിറ്റോളം കഴിഞ്ഞു സ്‌ഥലത്ത്‌ ക്യാമറകളുണ്ടെന്നു തിരിച്ചറിഞ്ഞ സംഘം സച്ചിനെ വലിച്ചിഴച്ച്‌ മറ്റെവിടേക്കോ മാറ്റാന്‍ ശ്രമിക്കുന്നു.

ഇതിനിടയില്‍ കുതറിയോടാന്‍ ശ്രമിച്ച സച്ചിനെ വീണ്ടും വരുതിയിലാക്കാന്‍ അക്രമികളിലൊരാള്‍ നോക്കിയെങ്കിലും സച്ചിന്‍ ഓടിരക്ഷപെടുകയായിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍നിന്നുള്ള വിഷ്‌ണു, കൊല്ലം ശൂരനാടുകാരന്‍ രാജേഷ്‌, മണ്‍ട്രോതുരുത്തില്‍ നിന്നുള്ള ഗിരിലാല്‍, കോയമ്പത്തൂര്‍ തിരുച്ചിറപ്പിള്ളി സ്വദേശി കുമാര്‍, കാരയ്‌ക്കല്‍ നിന്നുള്ള അന്‍വറുദീന്‍, തൃശൂര്‍ കൊടകരയില്‍ നിന്നുള്ള ജിതിന്‍, ആറ്റിങ്ങല്‍കാരന്‍ ജയേഷ്‌ എന്നിവരാണു സംഭവത്തില്‍ ഇതുവരെ അറസ്‌റ്റിലായത്‌.

CLICK TO FOLLOW UKMALAYALEE.COM