കലാഭവന്‍ മണിയുടേത്‌ കൊലപാതകമല്ല; കരള്‍രോഗം: സി.ബി.ഐ. – UKMALAYALEE

കലാഭവന്‍ മണിയുടേത്‌ കൊലപാതകമല്ല; കരള്‍രോഗം: സി.ബി.ഐ.

Tuesday 31 December 2019 5:43 AM UTC

കൊച്ചി Dec 31: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍രോഗം മൂലമാണു മരണമെന്നും സി.ബി.ഐ. മണിയുടെ രക്‌തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടകരമായ അളവിലായിരുന്നില്ലെന്നും എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ. ചൂണ്ടിക്കാട്ടി.

2016 മാര്‍ച്ച്‌ അഞ്ചിന്‌ വീടിനു സമീപത്തെ അതിഥിമന്ദിരത്തില്‍ രക്‌തം ഛര്‍ദിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ മണി പിറ്റേന്ന്‌ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌.

മരണത്തില്‍ സംശയമുണ്ടെന്നും പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചൂണ്ടിക്കാട്ടി സഹോദരന്‍ കെ.ആര്‍. രാമകൃഷ്‌ണന്‍, മണിയുടെ ഭാര്യ നിമ്മി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സി.ബി.ഐ. അന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.

മണിയുടെ സിനിമാ സുഹൃത്തുക്കള്‍ അടക്കം ആറു പേരെ സി.ബി.ഐ. നുണപരിശോധനക്കു വിധേയരാക്കിയിരുന്നു. പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാലാണു മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത മദ്യപാനം മൂലമാണ്‌ രക്‌തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയായത്‌. മദ്യപാനികളുടെ ശരീരത്തില്‍ ആറു മില്ലിഗ്രാം വരെ മീഥൈല്‍ ആല്‍ക്കഹോള്‍ കണ്ടേക്കാം. മണിയുടെ ശരീരത്തില്‍ നാലുമില്ലി ഗ്രാം മീഥൈല്‍ ആല്‍ക്കഹോളാണ്‌ കണ്ടെത്തിയത്‌.

ഇതു മരണകാരണമാകില്ല. അവസാന ദിവസം 15 കുപ്പി ബിയര്‍ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ അവസ്‌ഥ അതീവദുര്‍ബലമായിരുന്നുവെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM