കരുണാനിധിയുടെ നിര്യാണം: തമിഴ്‌നാട്ടില്‍ ഒരാഴ്ച ദുഃഖാചരണം; പ്രധാനമന്ത്രി ചെന്നൈയില്‍ എത്തും – UKMALAYALEE

കരുണാനിധിയുടെ നിര്യാണം: തമിഴ്‌നാട്ടില്‍ ഒരാഴ്ച ദുഃഖാചരണം; പ്രധാനമന്ത്രി ചെന്നൈയില്‍ എത്തും

Wednesday 8 August 2018 3:54 AM UTC

ചെന്നൈ Aug 8: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

 തമിഴ്‌നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് കരുണാനിധിയുടെ മൃതദേഹം എത്തിക്കും.

തുടര്‍ന്ന് അവിടെ നിന്ന് മകള്‍ കനിമൊഴിയുടെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈയിലെ രാജാജി ഹാളിലാണ് പൊതുദര്‍ശനം.

തമിഴ്‌രാഷ്ട്രീയത്തിലെ അതികായരായിരുന്ന അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെന്നൈ മറീന ബീച്ചില്‍ തന്നെ കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കലൈഞ്ജര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ചെന്നൈയില്‍ എത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും നാളെ തമിഴ്‌നാട്ടില്‍ എത്തും.

CLICK TO FOLLOW UKMALAYALEE.COM