കപില്‍ മിശ്രയല്ല, ഏത് പാര്‍ട്ടിക്കാരനായാലും നടപടി എടുക്കണം; ഡല്‍ഹി കലാപത്തില്‍ ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ – UKMALAYALEE
foto

കപില്‍ മിശ്രയല്ല, ഏത് പാര്‍ട്ടിക്കാരനായാലും നടപടി എടുക്കണം; ഡല്‍ഹി കലാപത്തില്‍ ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍

Wednesday 26 February 2020 5:25 AM UTC

ന്യൂഡല്‍ഹി Feb 26: ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കപില്‍ മിശ്രയല്ല ഏത് പാര്‍ട്ടിക്കാരനായാലും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം.

ഡല്‍ഹിയിലെ ജാഫ്രാബാദിനടുത്ത് മൗജ്പൂരില്‍ നടത്തിയ പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിയില്‍ വച്ച് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ റോഡില്‍ നിന്ന് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി എന്തുചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കപില്‍ മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഡല്‍ഹി പോലീസിന് മൂന്ന് ദിവസത്തെ സമയം തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം.

അതിന് ശേഷം ഞങ്ങളെ പറഞ്ഞുമനസിലാക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്- കപില്‍ മിശ്രയുടെ ഭീഷണി ഇങ്ങനെയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM