കന്യാസ്‌ത്രീ പീഡനക്കേസ്‌ : പഞ്ചാബിലെത്തി, അരമനയുടെ പടി കടക്കാനാകാതെ കേരളാ പോലീസ്‌! ഉരുണ്ടുകളിച്ച് ആഭ്യന്തരവകുപ്പ് – UKMALAYALEE

കന്യാസ്‌ത്രീ പീഡനക്കേസ്‌ : പഞ്ചാബിലെത്തി, അരമനയുടെ പടി കടക്കാനാകാതെ കേരളാ പോലീസ്‌! ഉരുണ്ടുകളിച്ച് ആഭ്യന്തരവകുപ്പ്

Saturday 11 August 2018 2:01 AM UTC

കോട്ടയം Aug 11 : “ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്‌തു, അമ്മാത്തൊട്ട്‌ എത്തിയതുമില്ല” എന്ന അവസ്‌ഥയിലാണു കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോയ കേരളാ പോലീസ്‌!

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യംചെയ്യാന്‍ വൈക്കം ഡിവൈ.എസ്‌.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പഞ്ചാബിലെ ജലന്ധറിലെത്തിയെങ്കിലും കേരളത്തില്‍നിന്ന്‌ ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണു നടപടികള്‍ വൈകാന്‍ കാരണം.

ബിഷപ്പിനെ ഇന്നലെ ചോദ്യംചെയ്യാനും തുടര്‍ന്ന്‌ ആവശ്യമെങ്കില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്താനുമായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

സാക്ഷിമൊഴികളുടെയും അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ ചോദ്യാവലി തയാറാക്കുകയും ചെയ്‌തു.

സംസ്‌ഥാനത്തെ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനുമായി ചോദ്യാവലി ചര്‍ച്ച ചെയ്‌തശേഷമാണ്‌ അന്വേഷണസംഘം പഞ്ചാബിലേക്കു പോയത്‌.

ബിഷപ്പിനെ ചോദ്യംചെയ്‌താല്‍ ജലന്ധറില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ രൂപത ആസ്‌ഥാനത്തെ ചിലര്‍ ശ്രമിക്കുന്നതായി പഞ്ചാബ്‌ പോലീസിന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതായും സൂചനയുണ്ട്‌.

രൂപതാ ആസ്‌ഥാനത്ത്‌ അന്വേഷണസംഘമെത്തുമ്പോള്‍ വിശ്വാസികളെ ഇളക്കിവിട്ട്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണു നീക്കം. ബിഷപ്‌ ഫ്രാങ്കോയെ പ്രകീര്‍ത്തിച്ചും വിശ്വാസസമൂഹത്തിന്റെ പിന്തുണയഭ്യര്‍ഥിച്ചും ജലന്ധര്‍ രൂപതാ വക്‌താവിന്റെ പേരില്‍ കത്തുകള്‍ പ്രചരിക്കുന്നുണ്ട്‌.

സമാനമായ കത്തുകള്‍ ജലന്ധര്‍ രൂപതയ്‌ക്കു കീഴിലുള്ള കന്യാസ്‌ത്രീ മഠങ്ങളിലുമെത്തി. ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തി രേഖപ്പെടുത്തിയും അദ്ദേഹത്തില്‍നിന്നു മോശം അനുഭവമുണ്ടായിട്ടില്ലെന്നു വ്യക്‌തമാക്കിയും കന്യാസ്‌ത്രീകള്‍ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കണമെന്നാണു നിര്‍ദേശം.

അച്ചടിച്ച നോട്ടീസില്‍ ഒപ്പിട്ട്‌, പേരുവിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM