കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ്‌ ബിഷപ്‌ ഫ്രാങ്കോ കുറ്റപത്രം കൈപ്പറ്റി – UKMALAYALEE

കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ്‌ ബിഷപ്‌ ഫ്രാങ്കോ കുറ്റപത്രം കൈപ്പറ്റി

Saturday 11 May 2019 3:25 AM UTC

പാലാ May 11: കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരായി കുറ്റപത്രം കൈപ്പറ്റി. അദ്ദേഹത്തിന്റെ തുടര്‍ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ്‌ എസ്‌. ലക്ഷ്‌മി അനുവദിച്ചു. തുടര്‍നടപടികള്‍ക്കായി ജൂണ്‍ ഏഴിന്‌ കേസ്‌ വീണ്ടും വിളിക്കും.

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചതിനു ശേഷമാണ്‌ അദ്ദേഹം കോടതിയിലെത്തിയത്‌.

സ്വയംപ്രേരിത പ്രാര്‍ഥന ചൊല്ലുകയും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ തയാറാക്കിയ രേഖകളടങ്ങിയ ഫയല്‍ അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുകയും ചെയ്‌തു.

ജലന്ധറില്‍നിന്നും ആലപ്പുഴ രൂപതയില്‍നിന്നുമുള്ള ഇരുപത്തഞ്ചോളം വൈദികര്‍ക്കും സഹോദരനും മുളയ്‌ക്കല്‍ കുടുംബയോഗം സെക്രട്ടറിയുമായ ബിജി ജോമോന്റെ നേതൃത്വത്തില്‍ സ്‌ത്രീകളടക്കം പതിനഞ്ചോളം കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ്‌ ബിഷപ്‌ ഫ്രാങ്കോ കോടതിയിലെത്തിയത്‌.

സാക്ഷിമൊഴികളും മഹസറുകളും ഉള്‍പ്പെട്ട കുറ്റപത്രത്തിന്‌ ആയിരത്തോളം പേജുകളുണ്ട്‌. ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്‌ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്‌.

ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണ്‍, കുറവിലങ്ങാട്‌ മഠത്തിലെ സന്ദര്‍ശക ഡയറി തുടങ്ങി അഞ്ചോളം രേഖകളും കുറ്റപത്രത്തോടൊപ്പം പോലീസ്‌ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, നാലു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്‌ത്രീകള്‍, ഏഴ്‌ മജിസ്‌ട്രേട്ടുമാര്‍ എന്നിവരുള്‍പ്പെടെ 83 സാക്ഷികളാണുള്ളത്‌.

മൂന്നുവര്‍ഷത്തിലധികം ജയില്‍ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ കുറ്റപത്രം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കേസ്‌ വിചാരണയ്‌ക്കായി കോട്ടയം സെഷന്‍സ്‌ കോടതിക്കു കൈമാറും.

“നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ, ദൈവത്തില്‍ വിശ്വാസമുണ്ട്‌” എന്നായിരുന്നു കോടതിനടപടികള്‍ക്കു ശേഷം പുറത്തിറങ്ങിയ ബിഷപ്‌ ഫ്രാങ്കോയുടെ പ്രതികരണം.

അദ്ദേഹത്തിനു വേണ്ടി അഭിഭാഷകരായ സി.എസ്‌. അജയന്‍, സുജേഷ്‌ മേനോന്‍, ജെനോ ആന്റണി എന്നിവര്‍ കോടതിയില്‍ ഹാജരായി.

CLICK TO FOLLOW UKMALAYALEE.COM