കന്യാസ്‌ത്രീകളുടെ സമരം കത്തിപ്പടരുന്നു – UKMALAYALEE

കന്യാസ്‌ത്രീകളുടെ സമരം കത്തിപ്പടരുന്നു

Tuesday 18 September 2018 6:22 AM UTC

കൊച്ചി/ചേര്‍ത്തല Sept 18: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ചോദ്യംചെയ്യല്‍ നേരിടാന്‍ എത്തുന്നതിനു മുന്നോടിയായി, കന്യാസ്‌ത്രീകളുടെ അഭൂതപൂര്‍വമായ സമരം കേരളമാകെ കത്തിപ്പടരുന്നു.

സമരത്തീച്ചൂളയിലേക്കാകും ബിഷപ്‌ കാലുകുത്തുക.

ബലാത്സംഗം ചെയ്‌തെന്നു പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ സഹോദരി കൊച്ചിയിലെ സമരപ്പന്തലില്‍ ഇന്നു അനിശ്‌ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും.

പ്രഫ. എം.എന്‍. കാരശേരിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പ്‌ സമരവും ഇന്നാരംഭിക്കും. കുറവിലങ്ങാട്ട്‌ ബഹുജന കൂട്ടായ്‌മ നടക്കും.

സേവ്‌ അവര്‍ സിസ്‌റ്റേഴ്‌സ്‌ ആക്‌ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി ജില്ലാ ആസ്‌ഥാനങ്ങളില്‍ സമരകേന്ദ്രങ്ങള്‍ തുറക്കും. നാളെ വൈകിട്ട്‌ പന്തംകൊളുത്തി പ്രകടനം.

ബിഷപ്‌ ഫ്രാങ്കോ 19-ന്‌ കേരളത്തിലെത്തും. ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ അഞ്ചു കന്യാസ്‌ത്രീകള്‍ നടത്തുന്ന സമരം ഇന്നു പത്താം ദിവസമാണ്‌. കന്യാസ്‌ത്രീയുടെ സഹോദരി രാവിലെ 11-ന്‌ നിരാഹാരം ആരംഭിക്കും.

വൈകിട്ട്‌ അഞ്ചിനാണ്‌ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. പി. ഗീത പങ്കുചേരുക. ലൈംഗികാതിക്രമത്തിന്‌ ഇരയായ സ്‌ത്രീകള്‍ക്കു പിന്തുണ നല്‍കാന്‍ സേവ്‌ ഔവര്‍ വിമന്‍ എന്ന പേരില്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കും തുടക്കമാകുകയാണ്‌.

ബിഷപ്‌ ഫ്രാങ്കോ 19-നെത്താനിരിക്കെയാണ്‌ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ മറ്റു പ്രദേശങ്ങളില്‍ സമരം നടത്തുന്ന ജനകീയസമിതികള്‍ കന്യാസ്‌ത്രീകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചത്‌.

കീഴാറ്റൂര്‍ സമരസമിതി, കാതിക്കൂടം ആക്‌ഷന്‍ കൗണ്‍സില്‍, പശ്‌ചിമഘട്ട സംരക്ഷണ വേദി, പുതുവൈപ്പ്‌ ഐ.ഒ.സി. വിരുദ്ധസമിതി, അധിനിവേശ പ്രതിരോധ സമിതി, സ്‌ത്രീകൂട്ടായ്‌മയായ ശബ്‌ദം, പെണ്ണുരമ്മ, ആര്‍.എം.പി, മനുഷ്യാവകാശ സംരക്ഷണവേദി, യുവകലാസാഹിതി തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി സമരം വ്യാപിപ്പിക്കാനുള്ള സഹകരണം പ്രഖ്യാപിച്ചു.

ജനകീയ സമരസംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ സംസാരിച്ചു. നടി രമാദേവി, ഷാനിമോള്‍ ഉസ്‌മാന്‍, എന്‍. വേണു തുടങ്ങിയവരും സമരപ്പന്തലിലെത്തി.

തുടര്‍ന്നു കെ.എസ്‌.യു. പ്രവര്‍ത്തകരും സമരവേദിയിലെത്തി. കന്യാസ്‌ത്രീകളുടെ സമരത്തെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നു കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്ത്‌ പറഞ്ഞു.

സംസ്‌ഥാനത്തെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ നാടകിന്റെ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കന്യാസ്‌ത്രികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. എട്ടു ദിവസമായി നിരാഹാരത്തിലായിരുന്ന സ്‌റ്റീഫന്‍ മാത്യുവിന്റെ ആരോഗ്യനില മോശമായതോടെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലേക്കു മാറ്റി.

പകരം സമരസമിതി പ്രവര്‍ത്തക അലോഷ്യ ജോസഫ്‌ നിരാഹാരം ആരംഭിച്ചു.

അതിനിടയില്‍, എ.എം.പി തിരുനല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബിഷപ്‌ ഫ്രാങ്കോയുടെ കോലം കത്തിച്ചു. തിരുനല്ലൂര്‍ സെന്റ്‌ ജോസഫ്‌ പള്ളിക്കു സമീപമായിരുന്നു പ്രതിഷേധം.

ബിഷപ്പിന്റെ പണത്തിലും സ്വാധീനത്തിലും മയങ്ങിയ കെ.സി.ബി.സി. വേട്ടക്കാരനൊപ്പം നില്‍ക്കുകയാണെന്ന്‌ അവര്‍ ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM