കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിലേക്ക് – UKMALAYALEE

കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിലേക്ക്

Monday 17 September 2018 2:57 AM UTC

കൊച്ചി Sept 17: പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു.

 

കന്യാസ്ത്രീകളുടെ സമരത്തിന് പൂര്‍ണപിന്തുണയുമായി പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമരപ്പന്തലിലേക്ക് എത്തുന്നത്. അതേസമയം പീഡനപരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിലേക്ക് എത്തുകയാണ്.

 

കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുമെന്ന് കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. നേരത്തെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി രംഗത്തെത്തിയിരുന്നു.

 

ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ ഒരു പിതാക്കന്മാരും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു.

 

‘ബിഷപ്പിന്റെ പീഡനത്തെക്കാള്‍ വലിയ പീഡനമാണ് കത്തോലിക്കാസഭയില്‍ നിന്നുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ആ പിതാക്കന്മാര്‍ ഒരു വാക്ക് മിണ്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തെയോ സഹോദരങ്ങളെയോ ഇത്രമേല്‍ വേദനിപ്പിക്കില്ലായിരുന്നു.

 

പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നത് പോലെ ഫ്രാങ്കോയുടെ പണത്തിന് മുകളില്‍ ഒരു പിതാവും വായ തുറക്കില്ല’ അവര്‍ പറഞ്ഞു. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ സംസാരിക്കുന്നതിനിടെയാണ് സഹോദരി തുറന്നടിച്ചത്.

 

സമരം ശക്തമാകുന്നതിനിടെ സമരം ചെയ്യുന്ന കന്യാസ്ത്രികള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കെആര്‍ ഗൗരിയമ്മയുടെ സന്ദേശം സമരപ്പന്തലില്‍ വായിച്ചു.

 

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ആരോഗ്യം അനുവദിക്കാത്തതുകൊണ്ടുമാത്രമാണ് പങ്കെടുകക്ാന്‍ സാധിക്കാത്തതെന്നും ഗൗരിയമ്മ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

 

CLICK TO FOLLOW UKMALAYALEE.COM