കനകദുര്‍ഗയുടെ ഭര്‍ത്താവ്‌ വിവാഹമോചനത്തിന്‌ – UKMALAYALEE

കനകദുര്‍ഗയുടെ ഭര്‍ത്താവ്‌ വിവാഹമോചനത്തിന്‌

Saturday 9 February 2019 1:31 AM UTC

മലപ്പുറം Feb 9: ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനൊരുങ്ങി ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണി. വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട്‌ അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല.

കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്‌ണനുണ്ണി മാതാവ്‌ സുമതിയമ്മയ്‌ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു.

കനകദുര്‍ഗ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട്‌ വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്‌ അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കും.

മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്‌. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്‌ കനകദുര്‍ഗ മംഗളത്തോടു പറഞ്ഞു.

സുഹൃത്ത്‌ ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്‌ഞാതവാസത്തിലായിരുന്നു.

ഇരുളിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയതിനു ശേഷവും ഏതാനും ദിവസം ഒളിച്ചുതാമസിച്ചു. പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ്‌ കനകദുര്‍ഗ ചികിത്സ തേടി.

തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്‌ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച്‌ ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്‌.

നാലു വനിതകളടക്കം 10-15 പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്‌. സപ്ലൈകോയില്‍ അസിസ്‌റ്റന്റ്‌ സെയില്‍സ്‌ വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പോലീസ്‌ സാന്നിധ്യമുണ്ടാകും.

കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പോലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ ഓവര്‍സിയറായ കൃഷ്‌ണനുണ്ണി പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM