കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറവെന്ന് പഠനം! – UKMALAYALEE

കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറവെന്ന് പഠനം!

Thursday 24 September 2020 8:26 PM UTC

ചൈന Sept 24: ലോകമെങ്ങും കോവിഡ്-19 ഭീതിയിലാണ്. വാക്‌സിന്‍ കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ആശങ്കയിലാണ് ജനങ്ങളെല്ലാം തന്നെ. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. പുറത്തിറങ്ങുന്ന സമയമെല്ലാം മാസ്‌ക് ധരിക്കുകയും കൃത്യമായ ഇടവേളകളില്‍ സാനിറ്റെസര്‍ ഉപയോഗിക്കുകയും വേണം.

എന്നാല്‍ ഇത് മാത്രമല്ല കണ്ണട കൂടി ധരിക്കുന്നത് കുറച്ച് കൂടി സുരക്ഷ ലഭിക്കുമെന്നാണ് ചൈനയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊറോണ വൈറസ് ശരീര കോശങ്ങളില്‍ പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ-2 റിസപ്റ്ററുകള്‍ നേത്ര പ്രതലത്തില്‍ ധാരാളമുള്ളത് കണ്ണിലൂടെ വൈറസ് അകത്ത് കടക്കാന്‍ വഴിയൊരുക്കുന്നു. കോവിഡ് ബാധിതരില്‍ ഒന്നു മുതല്‍ 12 ശതമാനം വരെ രോഗികളില്‍ നേത്ര സംബന്ധിയായ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കണ്ണട വയ്ക്കുമ്പോള്‍ എപ്പോഴും കണ്ണില്‍ തൊടാനുള്ള പ്രവണത ഇല്ലാതാകുമെന്നും ഇത് മൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത ഇല്ലാതാകുമെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്. വൈറസ് ശരീരത്തിനുള്ളില്‍ കയറാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈനയിലെ സൈ്വയ്ചോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ് പങ്കെടുത്തത്. കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് ഇത് 31.5 ശതമാനമായിരുന്നു. നിത്യവും കണ്ണട വയ്ക്കുന്നവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM