കട്ടച്ചിറ പള്ളിയില്‍ സംഘര്‍ഷം ആറാം ദിനവും സംസ്‌കരിക്കാനായില്ല – UKMALAYALEE

കട്ടച്ചിറ പള്ളിയില്‍ സംഘര്‍ഷം ആറാം ദിനവും സംസ്‌കരിക്കാനായില്ല

Monday 4 November 2019 3:41 AM UTC

കായംകുളം Nov 4: മരണമടഞ്ഞ്‌ ആറുദിവസം പിന്നിട്ടിട്ടും 92 വയസുകാരിയുടെ മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതെ നെട്ടോട്ടവുമായി ബന്ധുക്കള്‍. യാക്കോബായ സഭ ചൊവ്വാഴ്‌ച മുതല്‍ സെക്രട്ടേറിയറ്റ്‌ നടയില്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌.

കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളി യാക്കോബായ ഇടവകാംഗം മഞ്ഞാടിത്തറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ മറിയാമ്മ(92)യുടെ സംസ്‌കാരമാണ്‌ സഭാ തര്‍ക്കംമൂലം പ്രതിസന്ധിയിലായത്‌.

ഇന്നലെ മറിയാമ്മയുടെ മൃതദേഹവുമായെത്തിയവരെ പോലീസും റവന്യൂ അധികൃതരും തടഞ്ഞതോടെ തടഞ്ഞതോടെ കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ സംഘര്‍ഷം.

ഏറെനേരത്തെ സംഘര്‍ഷാവസ്‌ഥയ്‌ക്കുശേഷം മൃതദേഹം വീട്ടില്‍ പ്രത്യേക പേടകത്തിലേക്കു മാറ്റി.

കഴിഞ്ഞ തിങ്കളാഴ്‌ച മരിച്ച മറിയാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവിധ ദിവസങ്ങളില്‍ ജില്ലാ കലക്‌ടറുമായും ആര്‍.ഡി.ഒയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വെള്ളിയാഴ്‌ച വൈകിട്ട്‌ ജില്ലാ കലക്‌ടര്‍ നേരിട്ട്‌ നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം സംസ്‌കരിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതായി യാക്കോബായ വിഭാഗം പറഞ്ഞു. ഇതനുസരിച്ച്‌ ബന്ധുക്കള്‍ ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍നിന്നും മൃതദേഹം വീട്ടിലെത്തിച്ചു.

തുടര്‍ന്ന്‌ യാക്കോബായ സഭയിലെ വിവിധ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയിലേക്ക്‌ ഉച്ചയ്‌ക്ക്‌ രണ്ടരയോടെ എത്തിച്ചെങ്കിലും പള്ളിയ്‌ക്ക്‌ 100 മീറ്റര്‍ അകലെ പോലീസും റവന്യു അധികൃതരും മൃതദേഹം തടഞ്ഞു.

ഓര്‍ത്തഡോക്‌സ്‌ വികാരിയ്‌ക്കേ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ കഴിയൂ എന്ന്‌ അറിയിച്ചു. തുടര്‍ന്ന്‌ യാക്കോബായ സഭാ വൈദികരും വിശ്വാസികളും മൃതദേഹവുമായി ഒരു മണിക്കൂറിലേറെ റോഡില്‍ നിലയുറപ്പിച്ചു.

ആര്‍.ഡി.ഒയുമായി ചര്‍ച്ച നടത്തിയെങ്കിലുംഫലമുണ്ടായില്ല.
കലക്‌ടര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ എത്തിയ തങ്ങളെ പോലീസും റവന്യൂ അധികൃതരും ചതിക്കുകയായിരുന്നെന്ന്‌ യാക്കോബായ വിഭാഗം വൈദികരായ ഫാ. റോയി ജോര്‍ജ്‌, ഫാ.ജോര്‍ജി ജോണ്‍, ഫാ. രാജു ജോണ്‍, ഫാ. സാബു സാമുവല്‍, ഡീക്കണ്‍ തോമസ്‌ കയ്യത്ര എന്നിവര്‍ ആരോപിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ഏകപക്ഷീയ നിലപാടുകള്‍ ചെറുത്തു തോല്‍പിക്കണമെന്നും പള്ളിയ്‌ക്ക്‌ മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ട്രസ്‌റ്റി അലക്‌സ്‌ എം. ജോര്‍ജ്‌ പറഞ്ഞു.

നീതി നിഷേധത്തിനെതിരെ മുംബൈ ഭദ്രാസനാധിപന്‍ തോമസ്‌ മോര്‍ അലക്‌സാന്തിയോസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച മുതല്‍ സെക്രട്ടേറിയറ്റ്‌ നടയില്‍ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

കട്ടച്ചിറയിലേത്‌ നഗ്നമായ നീതി ലംഘനമാണെന്ന്‌ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ എന്നിവര്‍ ആരോപിച്ചു.

ഓര്‍ത്തഡോക്‌സ്‌ വിഭാഗം മനുഷ്യത്വമില്ലാത്ത ക്രൈസ്‌തവ സഭയായി അധപ്പതിച്ചെന്നും യാക്കോബായ സഭ കൊല്ലം ഭദ്രാസന വിശ്വാസ സംരക്ഷണ സമിതി ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM