കടുത്തനടപടിക്കു സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ – UKMALAYALEE

കടുത്തനടപടിക്കു സര്‍ക്കാര്‍; ശ്രീറാം വെങ്കിട്ടരാമന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌

Saturday 31 August 2019 5:08 AM UTC

തിരുവനന്തപുരം Aug 31 : മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു.

നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട്‌ ശ്രീറാമിനു ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ നോട്ടീസ്‌ നല്‍കി. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

വാഹനാപകടക്കേസില്‍ അറസ്‌റ്റിലായ ശ്രീറാം നിലവില്‍ സസ്‌പെന്‍ഷനിലാണ്‌.

ക്രിമിനല്‍ നിയമവും മോട്ടാര്‍ വാഹനനിയമവും ലംഘിച്ച ശ്രീറാം പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഐ.എ.എസ്‌. ഓഫീസര്‍ക്കു നിരക്കാത്തതാണെന്നും നോട്ടീസില്‍ പറയുന്നു.

മ്യൂസിയം പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസറുടെയും തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണറുടെയും കത്തുകള്‍, മ്യൂസിയം പോലീസ്‌ സ്‌റ്റേഷനിലെ പ്രഥമവിവര റിപ്പോര്‍ട്ട്‌ എന്നിവയുടെ അടിസ്‌ഥാനത്തിലാണു നോട്ടീസ്‌.

ശ്രീറാം മദ്യപിച്ച്‌ അലക്ഷ്യമായി കാറോടിച്ചതാണ്‌ അപകടകാരണമെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ്‌ കമ്മിഷണറുടെ കത്തില്‍ പറയുന്നു.

അപകടസമയത്തു ശ്രീറാം മദ്യപിച്ചിരുന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യമനുവദിച്ചത്‌.

വൈദ്യപരിശോധനയിലൂടെ ഇക്കാര്യം തെളിയിക്കുന്നതില്‍ പോലീസ്‌ കാട്ടിയ അനാസ്‌ഥ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്നാല്‍, കമ്മിഷണറുടെ കത്തും അതിന്റെ അടിസ്‌ഥാനത്തിലുള്ള കാരണം കാണിക്കല്‍ നോട്ടീസും കേസില്‍ നിര്‍ണായകമാകും.

CLICK TO FOLLOW UKMALAYALEE.COM