കൊച്ചി Aug 13: മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്ക്കായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. പോയവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇക്കുറി സഹായം നല്കാന് ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ ഇപ്പോള്‍ ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്കുന്നതില് പിശുക്ക് മാറ്റിവെച്ച് മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ട്.
തന്റെ കടയിലെ പുത്തന്‍ വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദിന്റെ നിറഞ്ഞ നന്മയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.
എന്റെ പെരുന്നാളിങ്ങനെയാ..’ – വസ്ത്രം നല്‍കിക്കൊണ്ട് നൗഷാദ് പറഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്.
കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ കയറ്റി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെ നൗഷാദ് നിറച്ചു കൊടുത്തു.
സിനിമാ- നാടക നടന് രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്കിയതും.
ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ വലിയ മനസിനെ ഫേസ്്ബുക്ക് വിഡിയോയിലൂടെ രാജേഷ് ശര്‍മ കേരളത്തിന് മുന്നിലെത്തിച്ചു.
CLICK TO FOLLOW UKMALAYALEE.COM