ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്: മുഖ്യമന്ത്രി – UKMALAYALEE

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്: മുഖ്യമന്ത്രി

Sunday 29 July 2018 6:21 PM UTC

തിരുവനന്തപുരം July 30: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കുറെ ദിവസം കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണം.

ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

എന്നാൽ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ആലുവയിൽ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങൾ ഉയർന്നു വരുന്നത് അതിന്റെ സൂചനയാണ്.

എല്ലാ അപേക്ഷകളും ഒരു ഓഫീസിൽ തീർപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും.

ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകൾ കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയണം. ഭരണവും ഭരണ നിർവ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓർമ്മിപ്പിക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM