ഒളിക്കാനാകില്ല, ലൊക്കേഷന്‍ വിവരങ്ങള്‍ സെറ്റിങ്‌സില്‍ ഒാഫ് ചെയ്താലും ഗൂഗിള്‍ പിന്തുടരും – UKMALAYALEE
foto

ഒളിക്കാനാകില്ല, ലൊക്കേഷന്‍ വിവരങ്ങള്‍ സെറ്റിങ്‌സില്‍ ഒാഫ് ചെയ്താലും ഗൂഗിള്‍ പിന്തുടരും

Wednesday 15 August 2018 3:38 PM UTC

സാന്‍ഫ്രാന്‍സിസ്‌കോ Aug 15: സ്വകാര്യത സംരക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നാണ്‌ സ്‌മാര്‍ട്‌ ഫോണ്‍ നിര്‍മാതാക്കളുടെ അവകാശവാദം.

എന്നാല്‍, എത്രയൊക്കെ സൂക്ഷിച്ചാലും സ്‌മാര്‍ട്‌ ഫോണുമായി എവിടെയൊക്കെ പോകുന്നുണ്ട്‌ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രാക്ക്‌ ചെയ്യാനും പിന്തുടരാനും ഗൂഗിളിനു കഴിയുമെന്നാണു പുതിയ കണ്ടെത്തല്‍.

ആന്‍ഡ്രോയിഡ്‌ ഉപകരണങ്ങളിലും ഐഫോണുകളിലുമുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ്‌ ഈ “പിന്തുടരല്‍” നടത്തുന്നതെന്ന്‌ പ്രിന്‍സ്‌ടണില്‍നിന്നുള്ള സോഫ്‌റ്റ്‌വേര്‍ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കി.

ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതു തടയാനുള്ള സെറ്റിങ്‌സ്‌ ഫോണില്‍ ചെയ്‌താലും ഗൂഗിള്‍ ചോര്‍ത്തല്‍ തുടരുമെന്നാണു ഗവേഷകര്‍ പറയുന്നത്‌. യാത്രപോകുമ്പോള്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവരാണ്‌ പലരും.

കൃത്യമായ വഴി അറിയുന്നതിനായി ജി.പി.എസ്‌. ഓണ്‍ ചെയ്‌ത്‌ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ അനുവദിക്കുകയും ചെയ്യും.

എന്നാല്‍, ഒരിക്കല്‍ ഇത്തരത്തില്‍ അനുവാദം നല്‍കിയാല്‍ പിന്നെ അനുവാദം വാങ്ങാതെതന്നെ “പിന്തുടരല്‍” നടത്താന്‍ ഗൂഗിളിനു കഴിയുമെന്നും ഗവേഷകര്‍ അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM