ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്കായി പദ്ധതി: അത്യാവശ്യഘട്ടങ്ങളില്‍ അലാറം ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ സഹായികള്‍ വീട്ടിലെത്തും – UKMALAYALEE

ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്കായി പദ്ധതി: അത്യാവശ്യഘട്ടങ്ങളില്‍ അലാറം ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ സഹായികള്‍ വീട്ടിലെത്തും

Sunday 4 October 2020 8:41 PM UTC

ബാലരാമപുരം Oct 4: വീടുകളില്‍ ഒറ്റക്ക്‌ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു അത്യാവശ്യ ഘട്ടങ്ങളില്‍ നാട്ടുകാരുടെയോ പോലീസിന്റേയോ സഹായം ലഭിക്കുന്നതിന്‌ വീട്ടിലുള്ള റിമോട്ടിന്റെ സ്വിച്ച്‌ ഒന്നമര്‍ത്തിയാല്‍ മതി ഉടനെ അലാറം കേള്‍ക്കും, സഹായവുമായി അയല്‍ക്കാര്‍ ഓടിയെത്തും.

അത്യാവശ്യമെങ്കില്‍ അയല്‍ക്കാര്‍ തന്നെ പോലീസിനെ അറിയിച്ച്‌ അവരും എത്തും. ഒറ്റയ്‌ക്ക് താമസിക്കുന്ന വയോജനത്തിന്‌ അത്യാവശ്യ ഘട്ടത്തില്‍ സഹായമെത്തിക്കാന്‍ കേരള പൊലീസ്‌ നടപ്പിലാക്കുന്ന വീടുകളില്‍ അലാറം സ്‌ഥാപിക്കല്‍ പദ്ധതിയുടെ ഭാഗമായാണ്‌ ഈ സംവിധാനം.

ലോക വയോജന ദിനത്തോടനുബന്ധിച്ച്‌ കട്ടച്ചല്‍കുഴിയില്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന ശാന്തകുമാരിയുടെ വീട്ടില്‍ റിമോട്ട്‌ അലാറം സ്‌ഥാപിച്ചത്‌. സ്വിച്ച്‌ ഓണ്‍ കര്‍മം നടത്തി ബാലരാമപുരം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജി. ബിനു പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

പദ്ധതിയനുസരിച്ച്‌ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒന്‍പത്‌ വീടുകളിലാണ്‌ ബാറ്ററി കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സംവിധാനം സ്‌ഥാപിക്കുന്നത്‌. ഇതിന്റെ റിമോട്ട്‌ സ്വിച്ച്‌ ഉപയോഗിച്ച്‌ 20 മീറ്റര്‍ പരിധിയില്‍ നിന്ന്‌ ആലാറം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്വിച്ച്‌ ഓണ്‍ ചെയ്‌താല്‍ ഇതിന്റെ സൈറന്‍ മുഴങ്ങും.

ഇവ സ്‌ഥാപിക്കുന്ന വീടുകളുടെ പരിസരത്തുള്ളവര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ ബോധവത്‌കരണവും നടത്തും.

റസിഡന്റ്‌സ് അസോസിയേഷനുകളും സീനിയര്‍ സിറ്റിസണ്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഉദ്‌ഘാടന ചടങ്ങില്‍ എസ്‌.ഐ: വിനോദ്‌ കുമാര്‍, സീനിയര്‍ സിറ്റിസന്‍ അസോസിയേഷന്‍ ചെയര്‍മാനും ഫ്രാബ്‌സ് ജനറല്‍ സെക്രട്ടറിയുമായ ബാലരാമപുരം പി. അല്‍ഫോന്‍സ്‌, ഫ്രാബ്‌സ് പ്രസിഡന്റ്‌ പൂങ്കോട്‌ സുനില്‍കുമാര്‍, ശശികുമാര്‍, ഭുവനചന്ദ്രന്‍ നായര്‍, ഡി. സുനി, നേതാജി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍.വി. ഉദയന്‍, ഡി. രാജന്‍, എം.വി. പ്രഭുല്ലചന്ദ്രന്‍, ബി.രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

CLICK TO FOLLOW UKMALAYALEE.COM