ഒറ്റപ്പെട്ടു , രാജേന്ദ്രന്‍ ഖേദിച്ചു സി.പി.എം. വിശദീകരണം തേടി – UKMALAYALEE

ഒറ്റപ്പെട്ടു , രാജേന്ദ്രന്‍ ഖേദിച്ചു സി.പി.എം. വിശദീകരണം തേടി

Monday 11 February 2019 6:27 AM UTC

മൂന്നാര്‍/തിരുവനന്തപുരം Feb 11: ദേവികുളം സബ്‌ കലക്‌ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എയുടെ ഖേദപ്രകടനം. സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെ, “അവള്‍” എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. പഴയ മൂന്നാറിലെ ബസ്‌ സ്‌റ്റാന്‍ഡിലെ പഞ്ചായത്ത്‌ വക സ്‌ഥലത്ത്‌ റവന്യു വകുപ്പില്‍നിന്ന്‌ ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ്‌ “അവള്‍ ബുദ്ധിയില്ലാത്തവള്‍…, ഐ.എ.എസ്‌.

കിട്ടിയെന്നുപറഞ്ഞ്‌ കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു…” എന്നിങ്ങനെ രാജേന്ദ്രന്‍ അധിക്ഷേപിച്ചത്‌. രേണു രാജ്‌ ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു. ചീഫ്‌ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്‌ടര്‍ എന്നിവര്‍ക്ക്‌ ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ട്‌ നല്‍കി.

കെട്ടിടനിര്‍മാണത്തിന്‌ റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010-ലെ ഹൈക്കോടതി ഉത്തരവ്‌ പഞ്ചായത്ത്‌ അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നു ഹൈക്കോടതിക്കു റിപ്പോര്‍ട്ട്‌ നല്‍കുമെന്നു രേണു രാജ്‌ പറഞ്ഞു.

എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്‌തമാക്കി.

സ്‌ത്രീശാക്‌തീകരണത്തിന്റെ പക്ഷത്തെന്ന്‌ അവകാശപ്പെടുന്ന സര്‍ക്കാരില്‍നിന്നു തിരുവനന്തപുരത്ത്‌ ഡി.സി.പി. ചൈത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ്‌ കലക്‌ടര്‍ രേണുവിനെ സി.പി.എം. എം.എല്‍.എയായ രാജേന്ദ്രന്‍ അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

തുടര്‍ന്ന്‌ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്‌, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രന്‍ കത്ത്‌ നല്‍കി.

കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളില്‍ പാര്‍ട്ടി

ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്‌തമാക്കി.

ഉദ്യോഗസ്‌ഥയ്‌ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പിന്തുണ നല്‍കി.

കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച സബ്‌ കലക്‌ടറുടെ നടപടി നിയമാനുസൃതമാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. വിശദീകരണം ചോദിക്കാന്‍ സി.പി.എം. സംസ്‌ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ്‌ ഗത്യന്തരമില്ലാതെ രാജേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത്‌.

അപ്പോഴും, സബ്‌ കലക്‌ടറുടെ പേര്‌ പരാമര്‍ശിച്ചില്ല.

ഇന്നു തിരുവനന്തപുരത്തു ചേരുന്ന എല്‍.ഡി.എഫ്‌. യോഗത്തില്‍ ഇക്കാര്യം സി.പി.ഐ. ഉന്നയിക്കുമെന്നാണു സൂചന.

ഉദ്യോഗസ്‌ഥരോടു മോശം പരാമര്‍ശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

പഠിച്ചിട്ട്‌ പ്രതികരിക്കാം എന്നതിനപ്പുറം ഒന്നും പറയാന്‍ ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം. മണി തയാറായില്ല.

“അവള്‍ എന്നത്‌ മോശം പദമാണെന്നു കരുതുന്നില്ല. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ല. നിര്‍മാണം തടയാന്‍ ഉദ്യോഗസ്‌ഥരെത്തിയാല്‍ അനുവദിക്കില്ല.

CLICK TO FOLLOW UKMALAYALEE.COM