
ഒരേസമയം നാല് സിനിമ; വിവാദനായകനായി വാരിയംകുന്നന്‍
Wednesday 24 June 2020 6:52 AM UTC
KOCHI June 24: ചിത്രീകരണം തുടങ്ങും മുമ്പേ മലയാളസിനിമയില്‍ വിവാദചരിത്രത്തിനു തിരികൊളുത്തി ഖിലാഫത്ത് സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ.
കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. വാരിയം കുന്നനായി പൃഥ്വിരാജ് വേഷമിടുന്ന ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനത്തിനു പിന്നാലെയാണ് വിവാദം ആളിപ്പടര്‍ന്നത്.
പൃഥ്വിരാജിനും ആഷിക് അബുവിനും തിരക്കഥാകൃത്തുക്കള്‍ അടക്കമുള്ള അണിയറക്കാര്‍ക്കുമെതിരേ സൈബര്‍ ആക്രമണവും ഭീഷണിയുമായി സമൂഹമാധ്യമങ്ങള്‍ സജീവം.
പി.ടി. കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്‌ബര്‍ എന്നിവരാണ് വാരിയം കുന്നത്തിനെക്കുറിച്ചുള്ള മറ്റു സിനിമകള്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ലോകത്തിന്റെ നാലിലൊന്നും ഭാഗവും അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തു മലയാളരാജ്യം എന്ന സ്വതന്ത്രരാജ്യം സ്‌ഥാപിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം തുടങ്ങുമെന്നുമായിരുന്നു പൃഥ്വിയുടേയും ആഷിക് അബുവിന്റേയും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടേയും ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്.
വാരിയം കുന്നന്‍ എന്ന പേരിട്ട സിനിമയുടെ ആദ്യപോസ്‌റ്റര്‍ പ്രഖ്യാപനത്തോടെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍പ്പും ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയില്‍നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്തുവന്നു. പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ വരെ അപഹസിക്കുന്ന രീതിയില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തുവന്നു.
നാലുസിനിമകളില്‍ സംഘപരിവാര്‍ സഹയാത്രികനായ അലി അക്‌ബര്‍ സംവിധാനം ചെയ്യുന്നതൊഴികെയുള്ള സിനിമകള്‍ കുഞ്ഞമ്മഹദ് ഹാജിയെ ചരിത്രനായകനാക്കി ചിത്രീകരിക്കുന്നവയാണെന്നാണു സൂചന.
ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളയ്‌ക്ക് നേതൃത്വം നല്‍കിയ ആളാണ് ഹാജിയെന്ന് സംവിധായകന്‍ അലി അക്‌ബര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
ആഷിഖ് അബു-പൃഥ്വിരാജ് ടീം സിനിമ പ്രഖ്യാപിച്ച പിന്നാലെയാണ് പി.ടി. കുഞ്ഞുമുഹമ്മദും കുഞ്ഞമ്മഹദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുന്നതായി പ്രഖ്യാപിച്ചത്. ഹാജിയുടെ ജീവിതം വലിയ ചരിത്രമാണെന്നും അത് സിനിമയാക്കാന്‍ നേരത്തെ താന്‍ തീരുമാനിച്ചിരുന്നുവെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു.
ഷഹിദ് വാരിയം കുന്നന്‍ എന്ന പേരിലാണ് പി.ടിയുടെ സിനിമ. നാടകകാരന്‍ കൂടിയായ ഇബ്രാഹിം വേങ്ങരയാണ് ദ ഗ്രേറ്റ് വാരിയം കുന്നത്ത് എന്ന പേരിലാണു സിനിമ ഒരുക്കുന്നത്.
നാല് ചിത്രങ്ങള്‍ക്കും പിന്തുണ നല്‍കി ചലച്ചിത്ര സാങ്കേതികവിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണന്‍ രംഗത്തുവന്നു.
ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.
CLICK TO FOLLOW UKMALAYALEE.COM