ഒരു കളക്ടറെ നേരില്‍ കണ്ട് സംസാരിക്കണം എന്ന മോഹം ഐഎഎസുകാരിയാക്കി; രേണു രാജ്  – UKMALAYALEE

ഒരു കളക്ടറെ നേരില്‍ കണ്ട് സംസാരിക്കണം എന്ന മോഹം ഐഎഎസുകാരിയാക്കി; രേണു രാജ് 

Thursday 14 February 2019 2:03 AM UTC

KOCHI Feb 14: ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജ്. ആദ്യ അവസരത്തില്‍ തന്നെ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മലയാളികളുടെ അഭിമാനം. ചെയ്യുന്ന ജോലികളോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയതിന് അധിക്ഷേപം ഉയരുമ്പോഴും ചങ്കൂറ്റത്തോടെ അവര്‍ പറഞ്ഞു ‘ഞാന്‍ മുന്നോട്ടു തന്നെ പോകും’.

2015 ല്‍ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്കുനേടിയെത്തിയ മകളെ ചേര്‍ത്തു നിര്‍ത്തി രേണുവിന്റെ അച്ഛന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കാലം തെളിയിച്ചിരിക്കുന്നത്. ‘അവള്‍ ഒരു ഡോക്ടറായി തുടര്‍ന്നാല്‍ അവള്‍ക്ക് മുന്നിലെത്തുന്ന രോഗികള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ.

എന്നാല്‍, ഒരു ഐഎഎസുകാരിയായി ആയാല്‍ ലക്ഷക്കണക്കിന് പേരെ സഹായിക്കാനാകും’. ആ മകള്‍, നേരിനൊപ്പം നിലനില്‍ക്കുന്നു. ഏത് പ്രതിസന്ധിയിലും ഉലയാത്ത മരമായി മാറുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കഴിഞ്ഞ ശേഷമാണ് ഐഎഎസ് സ്വപ്നവും പേറി രേണു ഇറങ്ങിയത്. ചങ്ങനാശ്ശേരി മലകുന്നം തുരുത്തി ശ്രീശൈലത്തില്‍ എം.കെ. രാജകുമാരന്‍ നായരുടെയും വി.എന്‍ ലതയുടെയും മകള്‍. അച്ഛന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡിടിഒ ആയിരുന്നു.

ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും പറയുമായിരുന്നു ‘മോള്‍ പഠിച്ച് കളക്ടറാകണം…’ ഹൈസ്‌ക്കൂള്‍ ക്ലാസില്‍ എത്തിയപ്പോള്‍ അച്ഛനോട് ഒരു മോഹം പറഞ്ഞു. ‘ഒരു കളക്ടറെ നേരില്‍ കണ്ട് സംസാരിക്കണം’ അന്ന് മിനി ആന്റണിയാണ് കോട്ടയം ജില്ലാ കളക്ടര്‍.

മുന്‍കൂട്ടി അനുമതി വാങ്ങി അച്ഛന്‍ രാജകുമാരന്‍ നായര്‍ രേണുവിനെയും കൂട്ടി കളക്ടറെ നേരിട്ടു കണ്ടു. സിവില്‍ സര്‍വീസിനെ കുറിച്ച് അറിയാന്‍ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കളക്ടര്‍ക്കും കൗതുകം.

സൗഹൃദത്തോടെ സംസാരിച്ചു. സംശയങ്ങള്‍ നീക്കി. നന്നായി പഠിച്ചാല്‍ മോള്‍ക്കും കളക്ടറാകാം എന്നു പറഞ്ഞ് അനുഗ്രഹിച്ചാണ് രേണുവിനെ മിനി ആന്റണി യാത്രയാക്കിയത്. അന്നു കണ്ട സ്വപ്നവും അനുഗ്രഹവും പാഴായില്ലെന്ന് പൂവറ്റൂര്‍ ലതാലയത്തിലെ മരുമകള്‍ ഡോ.രേണുരാജ് തെളിയിച്ചു.

എം.ബി.ബി.എസ് ആണ് പഠിച്ചതെങ്കിലും മലയാളം ഐച്ഛികമായി എടുത്ത് പരീക്ഷയെഴുതിയ രേണുവിന്റെ ഇഷ്ട സാഹിത്യകാരന്‍ ഒ.വി വിജയനാണ്. സുഗതകുമാരിയുടെയും ഒഎന്‍വി കുറുപ്പിന്റെയും കവിതകളോടാണ് പ്രിയം. നൃത്തമാണ് പ്രിയപ്പെട്ട വിനോദം. പത്മ സുബ്രഹ്മണ്യം ആരാധനാപാത്രം.

ന്യായമായ ആവശ്യവുമായി എന്റെ മുന്നിലെത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരിക്കല്‍ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ലെന്നും രേണു രാജ് ചങ്കൂറ്റത്തോടെ പറയുന്നു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മ്മിക്കുന്നത് തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയറ്റതിന് ഒപ്പമാണ് എസ്. രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്.

എംഎല്‍എയുടെ വിവേകശൂന്യമായ വാക്കുകള്‍ സിപിഎമ്മിന് തന്നെ തലവേദയായി മാറിയിരിക്കുകയാണ്. ഇതിനിടെ, സബ്കളക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. ഒറ്റപ്പെട്ട രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM