ഒരുവട്ടം കൂടി , ധവാനു പകരം സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ – UKMALAYALEE

ഒരുവട്ടം കൂടി , ധവാനു പകരം സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

Thursday 28 November 2019 5:17 AM UTC

മുംബൈ Nov 28: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്‌ജു സാംസണിനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനു പകരമാണു സഞ്‌ജു ഇന്ത്യന്‍ ടീമിലെത്തിയത്‌.

സയദ്‌ മുഷ്‌താഖ്‌ അലി ട്രോഫിക്കിടെ ധവാന്റെ കൈയ്‌ക്കു പരുക്കേറ്റിരുന്നു. ഡല്‍ഹിക്കു വേണ്ടി മഹാരാഷ്‌ട്രയ്‌ക്കെതിരേ കളിക്കുമ്പോഴായിരുന്നു ധവാന്റെ ഇടതു കാല്‍മുട്ടിനു പരുക്കേറ്റത്‌.

പന്ത്‌ പിടിക്കാന്‍ ഡൈവ്‌ ചെയ്‌തപ്പോഴാണു പരുക്കേറ്റത്‌.
പരുക്ക്‌ ഭേദമാകാന്‍ ആഴ്‌ചകള്‍ വേണ്ടിവരുമെന്ന വൈദ്യ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണു സെലക്ഷന്‍ കമ്മിറ്റി ധവാനു പകരം സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയത്‌.

33 വയസുകാരനായ ധവാന്‍ ഏകദിന പരമ്പരയ്‌ക്കു മുമ്പ്‌ പരുക്കില്‍നിന്നു മോചിതനാകുമെന്നാണു കരുതുന്നത്‌.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ധവാന്‍ നിരാശപ്പെടുത്തി. മൂന്ന്‌ മത്സരങ്ങളിലായി 91 റണ്ണാണു ധവാന്റെ നേട്ടം.

സയദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിലും മികവിലേക്കെത്താന്‍ ധവാനായില്ല. കഴിഞ്ഞ 21 നാണു വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്‌. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തില്‍പ്പോലും കളിക്കാനായില്ല.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സഞ്‌ജുവിനെ ബാക്ക്‌ അപ്പ്‌ ബാറ്റ്‌സ്മാനായാണ്‌ ഉള്‍പ്പെടുത്തിയത്‌. നായകന്‍ വിരാട്‌ കോഹ്ലിക്കു വിശ്രമം അനുവദിച്ചതിനാലാണു സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്‌. വിന്‍ഡീസിനെതിരേ കോഹ്ലി തിരിച്ചുവന്നതോടെ മലയാളി താരം പുറത്തായി.

സഞ്‌ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധത്തിനു വഴിയായി. ശശി തരൂര്‍ എം.പിയും ഇന്ത്യന്‍ ടീം മുന്‍ താരം ഹര്‍ഭജന്‍ സിങും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്‌.കെ. പ്രസാദിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുന്‍ നായകനും ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ്‌ ഗാംഗുലി സഞ്‌ജുവിനു വേണ്ടി ഇടപെടണമെന്നു വരെ ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ഇക്കുറി ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു സഞ്‌ജു.

ടീം ആവശ്യപ്പെട്ടാല്‍ വിക്കറ്റ്‌ കീപ്പറാവാനും തയാറാണെന്നു സഞ്‌ജു വ്യക്‌തമാക്കി. സ്‌ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍ എന്ന ആക്ഷേപത്തെ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും സഞ്‌ജു പറഞ്ഞു. മറ്റു ബാറ്റ്‌സ്മാന്മാരില്‍നിന്ന്‌ അല്‍പ്പം വ്യത്യസ്‌തമാണ്‌ എന്റെ ശൈലി.

ബൗളര്‍മാര്‍ക്ക്‌ മേല്‍ ആധിപത്യം നേടാനാണു ശ്രമിക്കുക. അതാണ്‌ ബാറ്റിങ്‌ ശൈലിയും. സ്‌ഥിരത പുലര്‍ത്തി ബാറ്റു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വന്തം ശൈലി നഷ്‌ടപ്പെടുമെന്നും സഞ്‌ജു പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന്റെ വിക്കറ്റ്‌ കീപ്പറായിരുന്നു സഞ്‌ജു. രഞ്‌ജി ട്രോഫിയിലും വിക്കറ്റ്‌ കീപ്പറായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വിക്കറ്റ്‌ കീപ്പറായും ഫീല്‍ഡറായും തിളങ്ങി. സഞ്‌ജുവിനെ ടീമില്‍നിന്ന്‌ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ മലയാളി ആരാധകര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വന്‍ പ്രതിഷേധത്തിലായിരുന്നു. തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന ഋഷഭ്‌ പന്തിന്‌ വീണ്ടും വീണ്ടും അവസരം നല്‍കുന്നതും ചൂണ്ടിക്കാട്ടിയാണു പല പ്രതികരണങ്ങളും.

ടീമില്‍നിന്നു തഴഞ്ഞതിനു പിന്നാലെ സഞ്‌ജു ഫെയ്‌സ്്‌ബുക്കില്‍ ഒരു സ്‌മൈലി മാത്രം പോസ്‌റ്റ് ചെയ്‌തിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിലെടുത്തിരുന്നെങ്കിലും മൂന്നു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയില്ല.

ടീം ഇന്ത്യ: വിരാട്‌ കോഹ്ലി (നായകന്‍), രോഹിത്‌ ശര്‍മ, ലോകേഷ്‌ രാഹുല്‍, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, ശിവം ദുബെ, വാഷിങ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, ദീപക്‌ ചാഹര്‍, മുഹമ്മദ്‌ ഷമി, ഭുവനേശ്വര്‍ കുമാര്‍, സഞ്‌ജു സാംസണ്‍.

CLICK TO FOLLOW UKMALAYALEE.COM