ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും കണ്ടെത്തി – UKMALAYALEE

ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും കണ്ടെത്തി

Monday 15 July 2019 2:51 AM UTC

തിരുവനന്തപുരം July 15 : യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തി.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പരീക്ഷ എഴുതുന്ന ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. കൂടാതെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വേണ്ടിയാകാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. നാല് കെട്ട്
ഉത്തരേപപ്പറുകളാണ് കണ്ടെത്തിയത്.

ഒരു കെട്ടില്‍ 12 ആന്‍സര്‍ ഷീറ്റുകളാണുള്ളത്. എന്തിനുവേണ്ടിയാണെന്നോ എവിടെനിന്നാണെന്നോ ഇത് കിട്ടിയതെന്ന് വ്യക്തമല്ല.

കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.

ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.

CLICK TO FOLLOW UKMALAYALEE.COM