ഒടുവില്‍ പ്രിയങ്കാഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്  – UKMALAYALEE

ഒടുവില്‍ പ്രിയങ്കാഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് 

Thursday 24 January 2019 4:41 AM UTC

ന്യൂഡല്‍ഹി Jan 24: സോണിയയ്ക്കും രാഹുലിനും പിന്നാലെ കുടുംബത്തിലെ ഗാന്ധി കുടുംബത്തില്‍ നിന്നും പ്രിയങ്കാഗാന്ധിയും ഒടുവില്‍ സജീവ രാഷ്ട്രീയത്തിലേക്ക്.

കോണ്‍ഗ്രസ് നേതൃത്വത്തിലൂടെ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഇല്ലെന്നും ദീര്‍ഘകാലമായി പ്രചരിക്കുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമെല്ലാം അവസാനിപ്പിച്ച് പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

നേരത്തേ രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷനാക്കി പൂര്‍ണ്ണ ചുമതല നല്‍കിയതിന് പിന്നാലെ പ്രിയങ്ക കൂടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉയരുകയായിരുന്നു.

രാഹുലും സോണിയയും മത്സരിക്കുന്ന യുപി പോലെയുള്ള വലിയ സംസ്ഥാനത്തിന്റെ ചുമതലയിലൂടെയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ പരിചയം നല്‍കുന്നത്്.

പ്രിയങ്ക 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തേ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. മാതാവും മുന്‍ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നും ഇവര്‍ മത്സരിക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

ഇതുവരെ പിന്നണിയില്‍ നിന്നും ജോലി ചെയ്തിരുന്ന പ്രിയങ്കയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

യുപി പോലെയുള്ള ഒരു വലിയ സംസ്ഥാനം പിടിക്കുക, ബിജെപിയെ പുറത്താക്കി അധികാരത്തില്‍ എത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രിയങ്കയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്നതും.

കഴിഞ്ഞതവണ 44 സീറ്റുകളിലേക്ക് കോണ്‍ഗ്രസ്് ചുരുങ്ങിയപ്പോള്‍ തന്നെ പ്രിയങ്കയെ കൊണ്ടുവരാന്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നില്‍ നില്‍ക്കാനായിരുന്നു അവര്‍ ഇഷ്ടപ്പെട്ടത്.

ഇതിന് പുറമേ എഐസിസിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. കിഴക്കന്‍ ഭാഗത്ത് പ്രിയങ്ക വരുമ്പോള്‍ പശ്ചിമ യുപിയുടെ ചുമതല മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് നല്‍കിയിരിക്കുന്നത്്.

യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ മണ്ഡലമായ ഗൊരക്പൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ചുമതലയാണ് ഇവിടെ വരുന്നത്്. കെസി വേണുഗോപാലിന് അധികചുമതല നല്‍കി.

കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കെസി വേണുഗോപാലിന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമാണ് അധികമായി നല്‍കിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM